എം.കെ സ്റ്റാലിന്‍ ഡി.എം.കെയുടെ പുതിയ അധ്യക്ഷന്‍

Tuesday, August 28, 2018

എം.കെ സ്റ്റാലിനെ ഡി.എം.കെയുടെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തു.  നിലവില്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്‍റാണ് സ്റ്റാലിന്‍. ജനറല്‍ കൗണ്‍സില്‍ യോഗമാണ് സ്റ്റാലിനെ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി തരഞ്ഞെടുത്തത്. പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിലായിരുന്നു യോഗം ചേര്‍ന്നത്. ഡി.എം.കെയുടെ മുതിര്‍ന്ന നേതാവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എസ് ദുരൈ മുരുഗനെ ട്രഷററായും തെരഞ്ഞെടുത്തു.

എം.കെ സ്റ്റാലിന്‍ വൈകിട്ട് ഡി.എം.കെ അധ്യക്ഷനായി ചുമതലയേല്‍ക്കും. എതിരില്ലാതെയാണ് സ്റ്റാലിന്‍ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത്.കരുണാനിധിയുടെ ഇളയ  മകനാണ് സ്റ്റാലിന്‍. ചെറുപ്പത്തിലേ പാര്‍ട്ടിയില്‍ സജീവമായിരുന്നു എം.കെ സ്റ്റാലിന്‍. 2009ല്‍ ഉപമുഖ്യമന്ത്രിയായിട്ടുള്ള സ്റ്റാലിന്‍, ഡി.എം.കെ ട്രഷറര്‍, യുവജനവിഭാഗം സെക്രട്ടറി ഉള്‍പ്പെടെയുള്ള നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

പാര്‍ട്ടി നടപടി നേരിടുന്ന കരുണാനിധിയുടെ മൂത്ത മകന്‍ എം.കെ അഴഗിരിയുമായുള്ള അസ്വാരസ്യങ്ങള്‍ തലവേദനയാകുന്നതിനിടെയാണ് സ്റ്റാലിന്‍ അധ്യക്ഷപദം ഏറ്റെടുക്കല്‍. ഡി.എം.കെ ദക്ഷിണമേഖല ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്ന അഴഗിരിയെ നാലുവര്‍ഷം മുമ്പാണ് പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് കരുണാനിധി പുറത്താക്കിയത്. ഏതായാലും സ്റ്റാലിന്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കെത്തുന്നതോടെ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍.