‘തമിഴരുടെ രക്തത്തില്‍ ഹിന്ദിയില്ല, കേന്ദ്ര നീക്കം തേനീച്ചക്കൂട്ടില്‍ കല്ലെറിയുന്നതിന് തുല്യം; ശക്തമായ പ്രതിഷേധമുണ്ടാകും’ : മുന്നറിയിപ്പുമായി എം.കെ സ്റ്റാലിന്‍

Jaihind Webdesk
Sunday, June 2, 2019

;

ഹിന്ദി ഔദ്യോഗിക ഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ പ്രാദേശിക ഭാഷയ്ക്കും ഇംഗ്ലീഷിനും ഒപ്പം ഹിന്ദിയും നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. കേന്ദ്രത്തിന്‍റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടില്‍ ഉയരുന്നത്.

തമിഴരുടെ രക്തത്തില്‍ ഹിന്ദിക്ക് സ്ഥാനമില്ലെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു. തമിഴ്നാട്ടില്‍ ഇത് നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കം തേനീച്ചക്കൂട്ടില്‍ കല്ലെറിയുന്നതിന് തുല്യമാണെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ ‘ത്രീ ലാംഗ്വേജ് ഫോര്‍മുല’ ഞെട്ടിക്കുന്നതാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍  ഹിന്ദി നിര്‍ബന്ധമാക്കാനാണ് നീക്കമെങ്കില്‍  ശക്തമായ പ്രതിഷേധം ഉയരുമെന്നും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

ഹിന്ദി ഔദ്യോഗിക ഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ പ്രാദേശിക ഭാഷയ്ക്കും ഇംഗ്ലീഷിനുമൊപ്പം ഹിന്ദിയും നിര്‍ബന്ധിതമാക്കുന്നതാണ് ‘ത്രീ ലാംഗ്വേജ് ഫോര്‍മുല’. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദിക്കും ഇംഗ്ലീഷിനൊപ്പം മറ്റേതെങ്കിലും ഒരു ഭാഷ കൂടി തെരഞ്ഞെടുക്കാം.

ഹിന്ദി പഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനവുമായി മുന്നോട്ടുപോയാല്‍ കേന്ദ്രം ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. മറ്റ് നേതാക്കളും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടില്‍ ഉയരുന്നത്.