രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രി ആകും; എക്സിറ്റ് പോളുകള്‍ തെറ്റും : എം.കെ സ്റ്റാലിന്‍

Jaihind Webdesk
Thursday, May 23, 2019

ചെന്നൈ: രാഹുൽ ഗാന്ധി രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആകുമെന്ന് ഡി.എം.കെ പ്രസിഡൻറ് എം.കെ സ്റ്റാലിൻ. വോട്ടെണ്ണല്‍ കഴിയുന്നതോടെ മോദി സർക്കാർ പുറത്താകുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

‘ശരിയായ എക്സിറ്റ് പോളുകളല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിലരുടെ നിര്‍ദേശാനുസരണം തയാറാക്കിയതാണ് ഈ എക്സിറ്റ് പോളുകള്‍. കണക്കുകള്‍ ശരിയായാല്‍ രാഹുല്‍ ഗാന്ധി തന്നെ അടുത്ത പ്രധാനമന്ത്രിയാകും. ഞങ്ങള്‍ ആദ്യം പറഞ്ഞ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. എപ്പോള്‍ വേണമെങ്കിലും ഡല്‍ഹിയിലേക്ക് പോകേണ്ട സാഹചര്യമാണുള്ളത്’ – സ്റ്റാലിന്‍ പറഞ്ഞു.

ബുധനാഴ്ച ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സ്റ്റാലിൻ ഇക്കാര്യം പറഞ്ഞത്. ഇത്തവണത്തെ ഇഫ്താർ വളരെ മറ്റുള്ളതില്‍ നിന്ന് വ്യത്യസ്തമാണ്. നമ്മൾ പറഞ്ഞ കാര്യങ്ങൾ സംഭവിക്കാൻ പോകുകയാണ്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും വ്യാഴാഴ്ച  പുറത്താക്കപ്പെടുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയുടെ പേര് ആദ്യം നിര്‍ദേശിച്ചത് സ്റ്റാലിനായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ഡി.എം.കെ മത്സരിക്കുന്നത്. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളില്‍ 19 ഇടങ്ങളിലാണ് ഡി.എം.കെ മത്സരിക്കുന്നത്. 9 സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കുന്നു.