മിഷേൽ ഷാജിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്‍റെ കുടുംബം

കൊച്ചിയിൽ സി.എ. വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്‍റെ പിതാവ് ഷാജിയും കുടുംബവും ഇന്ന് മുഖ്യമന്ത്രിയെ കാണും. മിഷേലിന്‍റെ മരണത്തിലെ ദുരൂഹത നീക്കാൻ ലോക്കൽ പോലീസിനോ ക്രൈംബ്രാഞ്ചിനോ ഇതുവരെ കഴിയാത്ത സാഹചര്യത്തിലാണിത്. മിഷേലിന്‍റെ തിരോധാനത്തിനുശേഷം മൃതദേഹം കണ്ടെടുക്കുന്നതു വരെയും പിന്നീടു നടന്ന അന്വേഷണം അട്ടിമറിച്ചതിലും ഉന്നത പോലീസ് ഓഫീസർക്ക് പങ്കുണ്ടെന്നാണ് ഷാജിയുടെ ആരോപണം.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ സർജൻ അന്നുമുതൽ 15 ദിവസം അവധിയിൽ പ്രവേശിച്ചതിനുപിന്നിൽ പോസ്റ്റ്‌മോർട്ടം നടത്തിയതിലെ തിരിമറികളെക്കുറിച്ചുള്ള അന്വേഷണം നേരിടേണ്ടി വരുമെന്നുള്ള ഭയത്താലാണെന്നും അടിക്കടി ക്രൈംബ്രാഞ്ച് ഓഫീസർമാരെ സ്ഥലംമാറ്റിയത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ഷാജി ആരോപിക്കുന്നു. സി.ബി.ഐ. അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തു വരികയുള്ളൂവെന്നും ഷാജി പറയുന്നു.

2017 മാർച്ച് അഞ്ചിന് വൈകിട്ട് എറണാകുളം കച്ചേരിപ്പടിയിലുള്ള സെന്‍റ് തെരേസാസ് ഹോസ്റ്റലിൽനിന്നു കലൂർ സെന്‍റ് ആന്‍റണീസ് പള്ളിയിലേക്കു പോയ മിഷേൽ 6.15ന് പള്ളിയിൽ നിന്നും തിരിച്ചിറങ്ങി രാത്രി 8 ന് എറണാകുളത്തിനും വൈപ്പിനുമിടയിലുള്ള രണ്ടാമത്തെ ഗോശ്രീ പാലത്തിൽ നിന്നും കായലിൽ ചാടി ആത്മഹത്യ ചെയ്തു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തുടർന്ന് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ക്രോണിൻ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മിഷേലിന് അത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നാണ് ഷാജിയും ബന്ധുക്കളും ആവർത്തിക്കുന്നത്

Comments (0)
Add Comment