യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്; ട്രംപിന് വിജയം എളുപ്പമാകില്ലെന്ന് നിരീക്ഷകര്‍

Tuesday, November 6, 2018

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്. ചരിത്രത്തിലെ ഏറ്റവും വീറും വാശിയും ഏറിയ വിധിയെഴുത്താണു ഇന്ന് നടക്കുക. പ്രസിഡന്‍റ് ട്രംപിന്‍റെ രാഷ്ട്രീയ ഇടപെടലുകളാണ് ഇടക്കാല തിരഞ്ഞെടുപ്പിന് ഇത്രയേറെ പ്രാധാന്യം നേടിക്കൊടുത്തത്.

സാമ്പത്തികരംഗത്ത് ട്രംപ് നടപ്പാക്കുന്ന കടുത്ത നടപടികളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിലെ ശക്തമായ നീക്കങ്ങളും ഡോണൾഡ് ട്രംപ് എന്ന പ്രസിഡന്‍റിന്‍റെ പിന്തുണയ്ക്കു മങ്ങലേൽപ്പിക്കുന്നില്ല എന്നാണ് വിലയിരുത്തൽ.
പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വളരെ പിന്നിൽ നിന്നിട്ടും അപ്രതീക്ഷിത വിജയം നേടാൻ ട്രംപിന് കഴിഞ്ഞു.

എന്നാൽ ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയം അത്ര എളുപ്പമാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് പാർലമെന്‍റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ തുടർന്നുള്ള ഭരണം സുഗമമായിരിക്കില്ല. സ്വന്തം നയങ്ങൾ അടിച്ചേൽപ്പിച്ചുള്ള ഭരണത്തിന് കടിഞ്ഞാൺ വീഴും. ട്രംപ് എന്ന വാശിക്കാരനായ, പ്രസിഡന്‍റിന് നയങ്ങൾ തിരുത്തേണ്ടി വരും. എന്നാൽ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമാകുന്ന സാഹചര്യമുണ്ടായാൽ ട്രംപ് എങ്ങനെ മാറുമെന്ന് കണ്ടറിയണം.