തോൽവിയെ റെക്കോർഡ് കൊണ്ടു മറികടന്ന എം.ഐ. ഷാനവാസ് എന്ന പോരാളി

Jaihind Webdesk
Wednesday, November 21, 2018

MI-Shanavas-MP

ഏവർക്കും മാതൃകയായൊരു പോരാളി ഇതാണ് കോൺഗ്രസ് പ്രവർത്തകരുടെ ഷാജിക്ക എന്ന എം.ഐ. ഷാനവാസിനെക്കുറിച്ച് പറയാനാവുക.  തോൽവിയെ റെക്കോർഡ് കൊണ്ടു മറികടന്ന ചരിത്രമാണ് എം.ഐ ഷാനവാസിന് ഉള്ളത്.

വിദ്യാർഥിയായിരിക്കെ കെഎസ്‌യുവിലൂടെയാണ് എം.ഐ. ഷാനവാസ് രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്. കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎയും എറണാകുളം ലോ കോളജിൽ നിന്ന് എൽഎൽബിയും നേടിയ ഷാനവാസ് യൂത്ത് കോൺഗ്രസ്, സേവാദൾ തുടങ്ങി കോൺഗ്രസിന്റെ പോഷക സംഘടനകളിൽ നേതൃപരമായ ചുമതലകൾ വഹിച്ചിട്ടുണ്ട്. ദീർഘകാലം കെപിസിസി വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചു.

എന്നാൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തനരംഗത്തെത്തിയ എം.ഐ. ഷാനവാസിന് തുടക്കത്തിലെ തെരഞ്ഞെടുപ്പുകൾ നൽകിയത് തോൽവിയുടെ പാഠങ്ങളായിരുന്നു. എന്നാൽ തോൽവിയുടെ ചരിത്രത്തെ പഴങ്കഥയാക്കി 2009ൽ ഷാനവാസ് ചരിത്രം സൃഷ്ടിച്ചാണ് വിജയക്കൊടി പാറിച്ചത്. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥി എം.ഐ.ഷാനവാസ് വിജയിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോർഡുമായിട്ടായിരുന്നു.

1993 ൽ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിൽ എസ്. ശിവരാമൻ നേടിയ 1,32,652 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷമാണ് 1,53,439 വോട്ട് ലീഡ് നേടി അന്നു ഷാനവാസ് തിരുത്തിയത്. അദ്ദേഹത്തിന് 4,10,703 വോട്ടു നേടാൻ കഴിഞ്ഞപ്പോൾ സിപിഐയിലെ എതിർസ്ഥാനാർഥി എം.റഹ്മത്തുല്ലയ്ക്ക് 2,57,264 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

അഞ്ചു തവണത്തെ തോൽവിക്കു ശേഷമായിരുന്നു ഷാനവാസിന്റെ വിജയം. 1987 ലും 1991 ലും വടക്കേക്കരയിൽനിന്നും 1996 ൽ പട്ടാമ്പിയിൽനിന്നും നിയമസഭയിലേക്കും 1999 ലും 2004 ലും ചിറയിൻകീഴിൽനിന്ന് ലോക്‌സഭയിലേക്കുമാണ് അദ്ദേഹം മത്സരിച്ചു പരാജയപ്പെട്ടത്.

രോഗബാധയെത്തുടർന്ന് 2010 ഓടെ പൊതുപ്രവർത്തനരംഗത്ത് നിന്ന് മാറി നിന്ന വയനാടിന്റെ ഷാജിക്ക എന്ന എം.ഐ ഷാനവാസ് തുടർന്ന് നടന്ന 2014 ലെ തിരഞ്ഞെടുപ്പിൽ സജീവമായി തന്നെ രംഗത്തെത്തി. എൽഡിഎഫിന്റെ സത്യൻ മൊകേരിയെ തോൽപിച്ചാണ് തുടർച്ചയായി രണ്ടാമതും എം.ഐ. ഷാനവാസ് ലോക്‌സഭയിലെത്തിയത്.

കഠിനപരീക്ഷണങ്ങൾ കളം നിറഞ്ഞാടിയ ജീവിതത്തെ ഒരു തികഞ്ഞ പോരാളിയെ പോലെ പൊരുതി തോൽപ്പിച്ചായിരുന്നു എം.ഐ. ഷാനവാസിന്റെ മുന്നേറ്റം. തെരഞ്ഞെടുപ്പു തോൽവികൾക്കും രോഗത്തിനുമൊന്നും ആ മനോവീര്യത്തെ തകർക്കാനായില്ല. രാഷ്ട്രീയവും വ്യക്തിപരവും ആരോഗ്യപരവുമായ പരീക്ഷണങ്ങൾ വീഴ്ത്താൻ നോക്കിയപ്പോഴെല്ലാം അദ്ദേഹം പൊരുതിക്കയറി.

മരണം കാത്തിരുന്ന ആശുപത്രിക്കിടക്കയിൽനിന്ന് ധൈര്യപൂർവം പുഞ്ചിരിച്ച് കൊണ്ട് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നു. ദൃശ്യമാധ്യമങ്ങളിലും പൊതുചർച്ചകളിലും പാർട്ടിയുടെ നാവായിരുന്ന ഷാനവാസിനെ 2010ൽ പെട്ടെന്നു പൊതുവേദികളിൽ കാണാതാവുകയായിരുന്നു. രോഗബാധിതനായി ചികിൽസയിലാണെന്നും ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നും ഉള്ള അഭ്യൂഹങ്ങളെ കാറ്റിൽ പറത്തി മരണത്തെ തോൽപ്പിച്ച് വിജയശ്രീലാളിതനായി അദ്ദേഹം പൊതുപ്രവർത്തനത്തിലേയ്ക്ക് മടങ്ങിയെത്തി.

ഒരു റമദാൻ കാലത്ത് ശരീരം പതിവിലധികം ക്ഷീണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു എം.ഐ. ഷാനവാസ് എന്ന ജനങ്ങളുടെ ഷാജിക്ക ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കായെത്തിയത്. എന്നാൽ ജീവിതത്തിൽ മറ്റൊരു പരീക്ഷണ കാലത്തിന് തുടക്കം കുറിയ്ക്കുകയാണെന്ന നേരിയ സൂചന പോലും അദ്ദേഹത്തിന് അപ്പോൾ ഉണ്ടായിരുന്നില്ല. വിദഗ്ദ്ധ പരിശോധനകൾക്കൊടുവിൽ വയറിലെ ബെൽ ഡെക്ടിൽ തടസ്സമുണ്ടെന്നും പാൻക്രിയാസിന്റെ പുറംഭിത്തിയിൽ വളർച്ചയുണ്ടെന്നും കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അതു മാറ്റാമെന്നു തീരുമാനിച്ച് പരിശോധിക്കുമ്പോഴാണ് കരളും പ്രശ്‌ന ബാധിതമാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധന വീണ്ടും നൽകിയത് മറ്റൊരു ആഘാതം. കരളിൽ അർബുദം എന്ന സംശയമാണ് ഡോക്ടർമാർ നൽകിയത്. കീമോതെറാപ്പി അടക്കമുള്ള ചികിത്സകൾ തുടങ്ങാൻ തീരുമാനിച്ചിരിക്കുമ്പോൾ അർബുദം ഇല്ലെന്ന ആശ്വാസ വാർത്തയുമായി വിദഗ്ദ്ധ പരിശോധനാ റിപ്പോർട്ട് എത്തി. തുടർന്ന് മുംബൈയിലെ ആശുപത്രിയിലെ ചികിൽസയ്‌ക്കൊടുവിൽ സ്‌നേഹിക്കുന്നവർക്ക് സന്തോഷമേകി പുഞ്ചിരിയോടെ അദ്ദേഹം ജീവിതത്തിലേക്കു തിരിച്ചുവന്നു.

അതുകൊണ്ടു തന്നെ വീണ്ടും ഒരിക്കൽ കൂടി രോഗം അദ്ദേഹത്തെ ആശുപത്രിക്കിടക്കയിൽ എത്തിക്കുമ്പോഴും സഹപ്രവർത്തകരും കുടുംബവും പ്രതീക്ഷിച്ചു പുഞ്ചിരിച്ചുകൊണ്ടുള്ള ആ മടങ്ങിവരവ്.