മത്തായിയുടെ ഘാതകരെ സംരക്ഷിക്കാനുള്ള നീക്കം ; സർക്കാരിന് ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് അടൂർ പ്രകാശ് എം.പി

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ മരണപ്പെട്ട കുടപ്പനക്കുളം പി.പി മത്തായിയുടെ ഘാതകരെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ സംസ്ഥാന സർക്കാരിന് ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് അഡ്വ. അടൂർ പ്രകാശ് എം.പി. മത്തായിയുടെ ഘാതകർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്ന് അവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോർജിന്‍റെ നേതൃത്വത്തിലുള്ള അനിശ്ചിതകാല റിലേ സത്യഗ്രഹം ചിറ്റാർ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.പി മത്തായി മരിച്ചത് വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ വെച്ചാണ്. എന്നാല്‍ വനംവകുപ്പ് മന്ത്രി ഇക്കാര്യം ഗൗരവത്തോടെ കാണാത്തത് പ്രതിഷേധാർഹമാണ്. ഏഴ് സിവിൽ വാർഡൻമാരിൽ ഒരു വനിത ഉണ്ടായിരുന്നുവെന്ന് അറിയുന്നു. ഭർത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ മാനസിക നില മനസിലാക്കി സത്യാവസ്ഥ പുറത്ത് പറയാൻ വനിതാ വാർഡൻ തയാറാകണം. കുടുംബത്തിന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിന് നീതി ലഭിക്കാൻ കോൺഗ്രസ് കൂടെയുണ്ടാകുമെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് ബാബു ജോർജിന്‍റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹത്തിന് സംസ്ഥാനത്തെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും പിന്തുണ ഉണ്ടെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു. പി.പി മത്തായിയുടെ സംസ്കാരം നടത്താൻ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആന്‍റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ ഷുക്കൂർ, അഡ്വ. കെ ശിവദാസൻ നായർ, അഡ്വ. പഴകുളം മധു എന്നിവർ പങ്കെടുത്തു.

Comments (0)
Add Comment