ഇന്ന് വിജയദശമി ; അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍

ഇന്ന് വിജയദശമി. അജ്ഞതയെ അകറ്റി അറിവിന്‍റെ വെളിച്ചം പകരുന്ന സുദിനം. നിരവധി കുരുന്നുകൾ ഹരിശ്രീ കുറിക്കുന്ന ദിവസമാണ് വിജയദശമി.

ആയിരക്കണക്കിന് കുരുന്നുകളാണ് സംസ്ഥാനത്തൊട്ടാകെ ഹരിശ്രീ കുറിക്കാനെത്തുന്നത്. ജാതിമതഭേദമന്യേ എല്ലാവരും വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കുന്നു. വിദ്യാദേവതയായ സരസ്വതിയും അധർമ്മത്തെ തകർത്ത് ധർമ്മം പുനസ്ഥാപിക്കുന്ന ദുർഗ്ഗയും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനമാണ് വിജയദശമി. വിദ്യാരംഭ ചടങ്ങുകളുടെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്തൊട്ടാകെയുള്ള ആരാധനാലയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും സജ്ജീകരിച്ചിരിക്കുന്നത്.

ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട്, മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്‍റെ നാടായ തിരൂർ തുഞ്ചൻ പറമ്പ്, തിരുവനന്തപുരത്തെ ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, പൂജപ്പുര സരസ്വതീ മണ്ഡപം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്ത് ചടങ്ങുകൾ നടക്കുന്നു. സാംസ്‌കാരിക രംഗത്തെ നിരവധി ഗുരുക്കന്മാർ വിദ്യാരംഭത്തിന് നേതൃത്വം നൽകും.

vijayadashamividyarambham
Comments (0)
Add Comment