സംസ്ഥാനത്തു ശക്തമായ മഴ; വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jaihind News Bureau
Monday, July 22, 2019

സംസ്ഥാനത്തു ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.  കോഴിക്കോട്, കണ്ണൂർ ജില്ലകളിലും കോട്ടയം ജില്ലയിലെ ചില മേഖലകളിലും ഇന്ന് അവധി പ്രഖ്യാപിചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ പ്ലസ്ടൂ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാകലക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.  അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഐസിഎസ്ഇ, സിബിഎസ്ഇ വിദ്യാലയങ്ങൾക്കും അവധി ബാധകമാണെന്നും കോളേജുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധി ഇല്ലെന്നും അറിയിപ്പിൽ പറയുന്നു.

കണ്ണൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

കോട്ടയം ജില്ലയിലെ ചില മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു . കോട്ടയം മുനിസിപ്പാലിറ്റിയിലെയും ജില്ലയിലെ ആർപ്പൂക്കര, അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെയും പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം കാസർഗോഡ് ജില്ലയിൽ അവധി പ്രഖ്യാപിച്ചിട്ടില്ലെന്നു ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ നാല് താലൂക്ക് തഹസിൽദാർമാരും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാൽ തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പതിവ് പോലെ പ്രവർത്തിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.

അതേസമയം തിരുവനന്തപുരത്ത് വെട്ടുകാട് സെന്‍റ് മേരീസ് എൽപി സ്‌കൂളിന് അവധിയായിരിക്കും. ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിക്കുമെന്നും, ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കളക്ടർ വ്യക്തമാക്കി.