‘മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു ; ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ മമതാ ബാനര്‍ജി

Jaihind Webdesk
Monday, June 3, 2019

ജയ് ശ്രീറാം എന്ന ആദർശ സൂക്തത്തെ ബി.ജെ.പി അവരുടെ പാർട്ടി മുദ്രാവാക്യം ആക്കി മാറ്റിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാഷ്ട്രീയവും മതവും തമ്മിൽ കൂട്ടിക്കുഴച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് ബി.ജെ.പിയുടേതെന്നും മമതാ ബാനർജി കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മമതയുടെ വിമർശനം.

മതപരമായ വാക്യങ്ങളെ പാർട്ടി മുദ്രവാക്യങ്ങളാക്കി മാറ്റി ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഒരു കൂട്ടം ബി.ജെ.പി പ്രവർത്തകർ യാഥാർഥ്യം മറച്ചുവെച്ചുകൊണ്ട് തെറ്റായ വീഡിയോകളും വാർത്തകളും ജനങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നതെന്ന് മമത കുറ്റപ്പെടുത്തി. റാം മോഹൻ റോയി മുതൽ വിദ്യാസാഗർ വരെ ഉള്ളവർ പകർന്നു നൽകിയ ബംഗാളിന്‍റെ പൈതൃകത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിനും അവരുടേതായ മുദ്രാവാക്യം ഉണ്ട്. അതിനെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ജയ് ശ്രീറാം പോലെയുള്ള മതപരമായ മുദ്രാവാക്യങ്ങളെ രാഷ്ട്രീയവത്ക്കരിക്കുന്നതിന് പിന്നില്‍ ബി.ജെ.പിക്ക് വ്യക്തമായ രാഷ്ട്രീയലക്ഷ്യമുണ്ട്.  രാഷ്ട്രീയത്തെയും മതത്തെയും തമ്മിൽ കൂട്ടിക്കുഴക്കുന്ന ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മമത ഫേസ്ബുക്കില്‍ കുറിച്ചു.

ജനങ്ങളുടെ ഇടയിൽ വിഭജനം സൃഷ്ടിക്കുന്നതിനായി മതത്തിന്‍റെ പേരിൽ അറിയപ്പെടുന്ന ആശയങ്ങളെ ഉപയോഗിക്കുന്നത് തടയുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും രാജ്യത്തിന്‍റെ മതേതര സ്വഭാവം നിലനിര്‍ത്താനായി ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങളെ ശക്തമായി എതിർക്കേണ്ടതുണ്ടെന്നും മമത വ്യക്തമാക്കി. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് തക്കതായ മറുപടി നൽകി രാജ്യത്തിന്‍റെ മഹത്തായ സംസ്കാരത്തെയും പൈതൃകത്തെയും ആദരിക്കാന്‍ രാജ്യത്തെ എല്ലാ ജനങ്ങളോടും അഭ്യർത്ഥിച്ചുകൊണ്ടാണ് മമത തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.