ന്യൂഡല്‍ഹി : വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഡല്‍ഹി പൊലീസിന് പരാതി നല്കി മലയാളി വിദ്യാർത്ഥി. ജവഹർലാൽ നെഹ്റു വിദ്യാർത്ഥി യൂണിയൻ കൗൺസിലറും മലയാളിയുമായ വിഷ്ണു പ്രസാദാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരെ ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ജനുവരി 27 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടി പങ്കെടുത്ത ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ വിദ്വേഷ പ്രസംഗം നടത്തിയത്. ദേശദ്രോഹികളെ വെടിവെച്ച് കൊലപ്പെടുത്തണം എന്നായിരുന്നു മന്ത്രി ആഹ്വാനം ചെയ്തത്. പൗരത്വ നിയമ വിരുദ്ധ പ്രതിഷേധക്കാരെ ലക്ഷ്യമിട്ടായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം.
കഴിഞ്ഞ വ്യാഴാഴ്ച ജാമിയയിലെ വിദ്യാർത്ഥി പ്രതിഷേധക്കാർക്ക് നേരെ യു.പി സ്വദേശിയായ യുവാവ് വെടിയുതിർക്കുകയും ശഹദാബ് എന്ന കശ്മീരി വിദ്യാർത്ഥിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ ആഹ്വാനമാണ് ഇത്തരത്തിലുള്ള നീക്കത്തിന് പിന്നിലെന്നും ആരോപണമുയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രകോപനപരമായ വർഗീയ പ്രസംഗത്തിനെതിരെ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെതിരെ എന്‍.സ്.യു.ഐ നേതാവ് കൂടിയായ വിഷ്ണു ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്.
ജാമിയായിലും ഷഹീൻ ബാഗിലും നടന്ന വെടിവെപ്പിന്പിന്നിൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബി.ജെ.പി ഗൂഢാലോചനയാണെന്നും പോലീസും അധികാരികളും ആര്.എസ്.എസിന്റെ വിദ്വേഷത്തിനും അക്രമ രാഷ്ട്രീയത്തിനും കൂട്ട് നിൽക്കുകയാണെന്നും വിഷ്ണു പ്രസാദ് ആരോപിച്ചു.