ജാമിയ മില്ലിയയിലേത് പോലീസ് നരനായാട്ട്: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, December 17, 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് നടത്തിയത് നരനായാട്ടാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരുകളുടെ തെറ്റായ നടപടി ചോദ്യം ചെയ്യാനും പ്രതിഷേധിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ പ്രതിഷേധിക്കുന്നവരെ വെടിവച്ച് കൊല്ലുന്ന സമീപനമാണ് നരേന്ദ്ര മോദിയുടേയത്. വിദ്യാര്‍ത്ഥി സമരത്തെ അക്രമാസക്തമാക്കിയത് പോലീസാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവച്ചിട്ടില്ലെന്ന് ഡല്‍ഹി പോലീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വാദിക്കുമ്പോഴാണ് ആശുപത്രിയില്‍ ചികിത്സ തേടിയ രണ്ടുവിദ്യാര്‍ത്ഥികളെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇവരുടെ ശരീരത്തിലുള്ളത് വെടിയേറ്റ പരിക്കാണെന്ന് വ്യക്തമാക്കിയത്.

ശത്രുസൈന്യത്തെ നേരിടുന്നത് പോലെയാണ് വിദ്യാര്‍ത്ഥികളെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ന്യൂനപക്ഷവിഭാഗങ്ങളെ അടിച്ചൊതുക്കുകയെന്ന ലക്ഷ്യം വച്ചാണ് കേന്ദ്രസര്‍ക്കാരിന്‍റെ നടപടി. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അന്യതാബോധം ശക്തിപ്പെട്ടു.ഇത് സാമുദായിക വിടവ് വര്‍ധിപ്പിക്കാനിടയാക്കും. വിവേചനത്തിന്‍റേയും അസഹിഷ്ണുതയുടേയും രാഷ്ട്രീയത്തെ എന്തുവിലകൊടുത്തും കോണ്‍ഗ്രസ് പരാജയപ്പെടുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.