ഷാനിമോൾ ഉസ്മാനെതിരായ ജി സുധാകരന്‍റെ പരാമര്‍ശത്തിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ വായ മൂടിക്കെട്ടി പ്രതിഷേധം

Jaihind News Bureau
Thursday, October 10, 2019

അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന് നേരെ മന്ത്രി ജി സുധാകരൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകര്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. അരൂർ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടിയിൽ മന്ത്രിക്കെതിരെയുള്ള സ്ത്രീകളുടെ പ്രതിഷേധം ഇരമ്പി. മന്ത്രിക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് മഹിളാ കോൺഗ്രസിന്‍റെ തീരുമാനം.

അരൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അരൂർ തൈക്കാട്ടുശേരിയിൽ സംഘടിപ്പിച്ച  എൽ ഡി എഫ് കുടുബ യോഗത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ അപമാനിക്കുന്ന രീതിയിലുള്ള പ്രസംഗം മന്ത്രി ജി സുധാകരൻ നടത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മന്ത്രി നടത്തിയ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. മഹിളാ കോൺഗ്രസിന്‍റെ നേത്യത്വത്തിൽ  അരൂർ മണ്ഡലത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

കുത്തിയത്തോട് നടന്ന വായ മൂടിക്കെട്ടിയുള്ള പ്രതിഷേധ പരിപാടി മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു.  സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മന്ത്രിക്കെതിരെ നടപടി എടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ തയ്യാറാകാത്തത് എന്തുണ്ടാണെന് ലതിക സുഭാഷ് ചോദിച്ചു.

മഹിളാ കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് ബിന്ദു ബൈജു, സംസ്ഥാന ഭാരവാഹികളായ സുധ കുര്യൻ, കുഞ്ഞുമോൾ രാജു തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.

 

https://youtu.be/LSTYwIqwpRM