പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിനെതിരെ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്ത്

Jaihind News Bureau
Thursday, February 13, 2020

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിനെതിരെ ഡല്‍ഹിയില്‍ മഹിളാ കോണ്‍ഗ്രസ് രംഗത്ത്. മഹിളാ കോണ്‍ഗ്രസ് നേതാക്കളായ സുഷ്മിത ദേവ്, അല്‍ക്ക ലാംബ, ഷര്‍മിഷ്ഠ മുഖര്‍ജി എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ പെട്രോളിയം മന്ത്രാലയത്തിന് മുന്നില്‍ പ്രതിഷേധവുമായെത്തിയത്. രാവിലെയായിരുന്നു മഹിളാ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരവും പ്രതിഷേധ പ്രകടനവും നടത്തി.

ഡല്‍ഹിയില്‍ സിലിണ്ടറിന് 858 രൂപ, മുംബൈയില്‍ 829 രൂപ, ചെന്നൈയില്‍ 881 രൂപ, കൊല്‍ക്കത്തയില്‍ 896 രൂപ എന്നെഴുതിയ, ഗ്യാസ് സിലിണ്ടറിന്‍റെ രൂപത്തിലുള്ള പ്ലക്കാർഡുകളും ബാനറുകളും ഉയര്‍ത്തിക്കാട്ടിയായിരുന്നു സമരം.

കൃത്യമായ പ്രവര്‍ത്തനത്തോടെ മുന്നോട്ടുപോകാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് മഹിളാ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ പരിപാടികള്‍.

സാമ്പത്തിക പ്രതിസന്ധിക്കിടെ കടുത്ത തിരിച്ചടിയാണ് പാചക വാതക വില വന്‍വര്‍ധന പൊതുജനത്തിന് നല്‍കിയിരിക്കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കേന്ദ്രം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് ഒറ്റയടിക്ക് 146 രൂപ 50 പൈസ കൂട്ടിയത്. 850 രൂപ 50 പൈസയാണ് പാചക വാതകത്തിന്‍റെ പുതിയ വില. വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 287 രൂപ 50 പൈസയാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറുകളില്‍ വര്‍ദ്ധനവുണ്ടായത്.