‘ബി.ജെ.പിക്ക് വോട്ടു ചെയ്യാത്തവരെ കരയിപ്പിക്കും’; മധ്യപ്രദേശില്‍ തോറ്റ ബി.ജെ.പി മന്ത്രിയുടെ ഭീഷണി

Sunday, December 16, 2018

ഭോപാല്‍: തെരഞ്ഞെടുപ്പില്‍ തോറ്റതിന് നാട്ടുകാരെ ഭീഷണിപ്പെടുത്തി ബി.ജെ.പിയുടെ തോറ്റ മന്ത്രി. മധ്യപ്രദേശില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യാത്തവരെ കരയിപ്പിക്കുമെന്നാണ് ഭീഷണി. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന അര്‍ച്ചന ചിത്‌നിയാണ് തെരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെയും അവഹേളിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ശിവരാജ് സിങ് ചൗഹാന്റെ മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന അര്‍ച്ചന, ബുര്‍ഹാന്‍പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സുരേന്ദ്ര സിങിനോട് 5120 വോട്ടിനാണ് തോറ്റത്. ഇതില്‍ പ്രകോപിതയായാണ് അവര്‍ തനിക്ക് വോട്ടു ചെയ്യാത്തവരെ കരയിപ്പിക്കുമെന്ന വാദവുമായി രംഗത്തെത്തിയത്.

‘എനിക്ക് വോട്ടു ചെയ്യാത്തവര്‍ അനുഭവിക്കുക തന്നെ ചെയ്യും. അവരെ ഞാന്‍ കരയിക്കും. എന്നാല്‍ എനിക്ക് വോട്ടു ചെയ്തവരുടെ തല താഴാന്‍ ഞാന്‍ അനുവദിക്കില്ല. എന്നാല്‍ അബദ്ധത്തിലോ മറ്റുള്ളവരുടെ പ്രേരണ കൊണ്ടോ സ്വന്തം തീരുമാനപ്രകാരമോ എനിക്ക് വോട്ടു ചെയ്യാതിരുന്നവരെ കരയിപ്പിച്ചില്ലെങ്കില്‍ എന്റെ പേര് അര്‍ച്ചന ചിത്നിസ് എന്നായിരിക്കില്ലെന്നും’ അവര്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ് ഇവരുടെ പ്രസംഗം. കഴിഞ്ഞ മൂന്ന് തവണകളിലായി 15 വര്‍ഷം തുടര്‍ച്ചയായി മധ്യപ്രദേശ് ഭരിച്ച ബിജെപിക്ക് ഇത്തവണ കോണ്‍ഗ്രസിന് മുന്നില്‍ അടിപതറുകയായിരുന്നു.