മുതിര്‍ന്ന ബി.ജെ.പി നേതാവ് പദ്മ ശുക്ല കോണ്‍ഗ്രസില്‍ ചേര്‍ന്നു

Jaihind Webdesk
Tuesday, September 25, 2018

മധ്യപ്രദേശിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ക്യാബിനറ്റ് പദവിയുള്ള ബി.ജെ.പി നേതാവ് പത്മ ശുക്‌ള പാര്‍ട്ടിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി വിട്ട പത്മ കോൺഗ്രസിൽ ചേർന്നത് ബി.ജെ.പിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

മാസങ്ങളുടെ കാത്തിരിപ്പ് മാത്രമേ ഇനി നിയമസഭാ തെരഞ്ഞെടുപ്പിന് ബാക്കിയുള്ളൂ. ഈ ഘട്ടത്തിലാണ് ബി.ജെ.പിക്ക് മധ്യപ്രദേശിൽ കനത്ത തിരിച്ചടി ഏൽക്കേണ്ടി വന്നത്. ശിവരാജ് സിംഗ് ചൗഹാൻ മന്ത്രി സഭയിൽ സാമൂഹ്യ ക്ഷേമ ബോർഡ് അധ്യക്ഷയായ പത്മ ശുക്ല ക്യാബിനറ്റ് പദവിയുള്ള നേതാവാണ്.

കോൺഗ്രസിൽ ചേരുന്നതിന് മുന്നോടിയായി പത്മ ശുക്ല മധ്യപ്രദേശ് പി.സി.സി അധ്യക്ഷൻ കമൽ നാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് ഇന്ന് രാവിലെ പത്മ ബി.ജെ.പിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ് രണ്ട് അധികാര പദവികളിൽ നിന്നും രാജി വച്ചത്. എന്നാൽ ബിജെപി വിടാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല.

അതേസമയം ജമ്മു-കശ്മീരിലും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബി.ജെ.പിക്ക് തിരിച്ചടിയാവുകയാണ്. ബി.ജെ.പി മഹിളാമോര്‍ച്ച നേതാവ് അനിതാ ഗുപ്ത, നാഷണല്‍ കോണ്‍ഫറന്‍സ് മുന്‍ എം.എല്‍.എ ആര്‍.എസ് ശര്‍മ, ബി.എസ്.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് അശോക് ഭഗത് തുടങ്ങിയവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാനെതിരെയും ബി.ജെ.പിക്കെതിരെയും ശക്തമായ പ്രതിഷേധങ്ങൾ നിലനിൽക്കുന്നുണ്ട്. രണ്ട് മാസത്തിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചു വരുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.