കേരളം വിധിയെഴുതാന്‍ ഇനി രണ്ടു നാള്‍

കേരളം പോളിംങ് ബൂത്തിലെത്താൻ ഇനി രണ്ടേ രണ്ടു നാൾ മാത്രം. കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ അവശേഷിക്കുന്ന അവസാനവട്ട പ്രചരണം ശക്തമാക്കുകയാണ് പാർട്ടികൾ. ഏപ്രിൽ 23 നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക.

അവസാന ഘട്ടമായതോടെ ദേശീയ നേതാക്കളേയും താരങ്ങളേയും രംഗത്തിറക്കി കളംപിടിക്കാനാണ് മുന്നണികളുടെ ശ്രമം. 2014ൽ യുഡിഎഫ് വ്യക്തമായ ആധിപത്യം നേടിയ തെക്കൻ കേരളത്തിൽ ഇരു മുന്നണികളും ബിജെപിയും ഇത്തവണ വിജയ പ്രതീക്ഷയിലാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഇന്നലെ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാൽ വിശ്വാസങ്ങൾ ഉറപ്പാക്കാൻ ഭരണഘടനാ സംരക്ഷണം നൽകുമെന്ന് വാഗ്ദാനം ചെയ്തു.

ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഉത്തരവിട്ടെങ്കിലും അവസാന ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ശബരിമല തന്നെയാണ് വോട്ടർമാർക്ക് മുന്നിൽ ഉയർന്ന് നിൽക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അടക്കം ദേശീയ നേതാക്കളുടെ നിരതന്നെ കേരളത്തിലെത്തി. പ്രതിരോധ മന്ത്രി നിർമലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തു.

Comments (0)
Add Comment