സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ അപ്രായോഗികമെന്ന് മന്ത്രിസഭാ യോഗം; രോഗവ്യാപനം രൂക്ഷമാകുന്ന ഇടങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും

Jaihind News Bureau
Monday, July 27, 2020

 

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ അപ്രായോഗികമെന്ന് മന്ത്രിസഭാ യോഗം. രോഗവ്യാപനം രൂക്ഷമാകുന്ന ഇടങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. ധനകാര്യ ബില്ലിന്‍റെ  കാലാവധി നീട്ടാൻ ഓർഡിനൻസ്  ഇറക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

കൊവിഡ് വ്യാപനം നേരിടുന്നതിനുള്ള പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ  ചേർന്ന സർവകക്ഷിയോഗത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ വേണ്ടതില്ല എന്ന നിലപാട് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.  ധനബില്ല് പാസാക്കാൻ സമയം നീട്ടാനുള്ള ഓർഡിനൻസ് ഇറക്കാനും ഇന്ന് ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യം ഗവർണറെ അറിയിക്കും.

ബജറ്റിന്‍റെ ഭാഗമായുള്ള ധനബിൽ പാസാക്കിയിരുന്നില്ല. ജൂലൈ 31നു മുൻപ് ധനബിൽ പാസാക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ഏകദിന സഭാസമ്മേളനം ചേരാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്.  വീഡിയോ കോൺഫറൻസിലൂടെയാണ് ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേർന്നത്. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഓൺലൈനിൽ മന്ത്രിസഭായോഗം ചേരുന്നത്. കൊവിഡ് അതിവ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭായോഗം ഓൺലൈനായി ചേരാൻ തീരുമാനിച്ചത്.