‘സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി ഭരണഘടനാ അതീത സ്ഥാപനമാണോ ?’; ലോക്ഡൗൺ വിലക്ക് ലംഘിച്ച സക്കീര്‍ ഹുസൈനെതിരെ പി.സി വിഷ്ണുനാഥ്

ലോക്ഡൗൺ നിര്‍ദേശങ്ങള്‍ ലംഘിച്ച് കാറില്‍ യാത്ര ചെയ്യുകയും തടഞ്ഞ പൊലീസുകാരോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത  സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെ  കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്. സി.പി.എമ്മിന്‍റെ കളമശേരി ഏരിയാ സെക്രട്ടറി ഭരണഘടനാ അതീത സ്ഥാപനമാണോയന്ന് വിഷ്ണുനാഥ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ആത്മഹത്യ ചെയ്ത ബാങ്ക് ഡയറക്ടറുടെ ആത്മഹത്യാക്കുറിപ്പിൽ ഉൾപ്പെട്ടയാളാണ് പൊലീസിനെയും നിയമ സംവിധാനത്തെയും വെല്ലുവിളിച്ച് നടക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

പി.സി വിഷ്ണുനാഥിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

“സി പി എമ്മിന്റെ കളമശ്ശേരി ഏരിയാ സെക്രട്ടറി ഭരണഘടനാ അതീത സ്ഥാപനമാണോ ?

മുൻപൊരിക്കൽ ക്രിമിനൽ കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോൾ ഇദ്ദേഹം കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിലെത്തി; പോലീസിനെ വെല്ലുവിളിച്ച് യോഗം ചേർന്നു.

ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച പ്രതി പാർട്ടി ഓഫിസിന് അകത്തിരുന്നപ്പോൾ ഇളിഭ്യരായി കേരള പോലീസ് പുറത്തുനിന്നു.

ഇന്നിപ്പോൾ ലോക്ഡൗൺ കർശനമാക്കിയ സാഹചര്യത്തിൽ അത് വിശദീകരിക്കുന്ന പോലീസുകാരോടുള്ള ധിക്കാരപരമായ പെരുമാറ്റം കാണുക !

പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ആത്മഹത്യ ചെയ്ത ബാങ്ക് ഡയറക്ടറുടെ ആത്മഹത്യ കുറിപ്പിൽ ഉൾപ്പെട്ടയാളാണ് പോലീസിനെയും നിയമ സംവിധാനത്തെയും വെല്ലുവിളിച്ച് നടക്കുന്നത്…

ഇതെന്താ വെള്ളരിക്കാപ്പട്ടണമോ ?”

Comments (0)
Add Comment