മന്ത്രി കെ ടി ജലീലിനെതിരെ പ്രധാനമന്ത്രിക്ക് പരാതി

Jaihind Webdesk
Saturday, November 24, 2018

Adeeb-KT-Jaleel

മന്ത്രി കെ ടി ജലീലിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി.  ബന്ധു നിയമനം ഉൾപ്പെടെ മന്ത്രി കെ.ടി. ജലീലിനെതിരായ അഴിമതി ആരോപണങ്ങൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പി. ഇഫ്തിഖാറുദ്ദീനാണു പ്രധാനമന്ത്രിക്ക് പരാതി നൽകിയത്.

ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ സാമ്പത്തിക സഹായത്തോടെയാണു സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിൽ ജനറൽ മാനേജർ തസ്തികയിലാണ്, ബന്ധുവായ കെ.ടി.അദീബിനെ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ മന്ത്രി KT ജലീൽ നിയമിച്ചത്. സ്വജനപക്ഷപാതവും, അഴിമതിയും വ്യക്തമാക്കി പരാതി നൽകിയെങ്കിലും പ്രാഥമിക അന്വേഷണത്തിനു പോലും വിജിലൻസ് തയ്യാറായിട്ടില്ല. മന്ത്രിക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും, മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിക്കുകയാണ്. ഈ സാഹചര്യത്തിലാണു അന്വേഷണം ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയും, തവനൂരിൽ KT ജലീലിനെതിരെ മൽസരിക്കുകയും ചെയ്ത പി ഇഫ്തികറുദ്ദീൻ
പ്രധാനമന്ത്രിയുടെ ഓഫിസിനെ സമീപിച്ചത്. പ്രധാനമന്ത്രിയുടെ പരാതി പരിഹാര സെല്‍ മുഖേനെയാണ് ഇഫ്തികറുദീൻ പരാതി നല്‍കിയത്.

നിയമന യോഗ്യത തിരുത്തി, കൂടിക്കാഴ്ചയിൽ പങ്കെടുക്കുക പോലും ചെയ്യാത്ത KT ആദിപിനെ വിളിച്ചു വരുത്തി ജനറൽ മാനേജറായി നിയമനം നൽകിയതിൽ അഴിമതിയുണ്ട്. മന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ഇല്ലാത്ത തോട്ടക്കാരിയുടെ പേരിൽ ശമ്പളം എഴുതി വാങ്ങുന്നതും അന്വേഷണവിധേയമാക്കണം. ബെംഗളൂരുവിലെ സ്വകാര്യ യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാംപസ് തുടങ്ങാൻ രഹസ്യ ചർച്ച നടത്തിയെന്ന ആരോപണവും, വഖഫ് ബോർഡിലെയും, ഹജ്ജ് കമ്മിറ്റിയിലെയും അനധികൃത നിയമനങ്ങളും അടക്കമുള്ള അഴിമതികൾ കേന്ദ്ര ഏജൻസി അന്വേഷിച്ചു കണ്ടെത്തണമെന്നാണു പരാതിയിൽ പറയുന്നത്.

https://www.youtube.com/watch?v=cfgIMjxsZWQ