മഞ്ചേശ്വരത്ത് ഏറ്റ കനത്ത തിരിച്ചടിയിൽ നിന്ന് മുക്തരാകാതെ എൽഡിഎഫ്

മഞ്ചേശ്വരം മണ്ഡലം ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ നിന്ന് മുക്തരാകാതെ എൽഡിഎഫ്. മൂന്നാംസ്ഥാനത്തായിരുന്ന സിപിഎമ്മിന് ഇത്തവണയും നിലമെച്ചപ്പെടുത്താൻ കഴിഞ്ഞില്ല എന്നതിന് ജില്ലാ നേതൃത്വം മറുപടി പറയേണ്ടി വരും. പാർലമെന്‍റ് തെരഞ്ഞെടുപ്പിനേക്കാൾ 4332 വോട്ടിന്റെ കുറവാണ് ഇക്കുറി എൽഡിഎഫിനുള്ളത്. യുഡിഎഫിനാകട്ടെ 8537 വോട്ടിന്‍റെ വർധനവുണ്ടായതും എൽഡിഎഫ് പാളയത്തിൽ ആശങ്ക കൂട്ടിയിട്ടുണ്ട്.

2016 ൽ നടന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ 1,58,884 വോട്ട് പോൾ ചെയ്തപ്പോൾ അതിൽ യു.ഡി. എഫ് സ്ഥാനാർത്ഥി അന്തരിച്ച പി ബി. അബ്ദുൾ റസാക്കിനു 56,870 വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി സ്ഥാനാർത്ഥി കെ. സുരേന്ദ്രനു ലഭിച്ചതാവട്ടെ 56,781 വോട്ടാണ് എന്നാൽ മൂന്നാം സ്ഥാനത്തുള്ള എൽഡിഎഫ് സ്ഥാനാർത്ഥി സി.എച്ച് കുഞ്ഞമ്പുവിന് 42,565 വോട്ടുകളാണ് ലഭിച്ചത്.

ഈ ഉപതെരഞ്ഞെടുപ്പിലെങ്കിലും മഞ്ചേശ്വരത്ത് നില മെച്ചപ്പെടുത്താൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച വോട്ടുപോലും കിട്ടിയില്ല. മഞ്ചേശ്വരത്ത് ഇത്തവണ 1,62,756 വോട്ട് പോൾ ചെയ്തപ്പോൾ യു.ഡി. എഫ് സ്ഥാനാർത്ഥി എം.സി ഖമറുദ്ദീന് 65,407 വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി സ്ഥാനാർത്ഥി രവിശ തന്ത്രി കുണ്ടാർ 57484 വോട്ടുകളും നേടി. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥി എം. ശങ്കർ റൈക്ക് ലഭിച്ചത് 38,233 വോട്ടാണ്.

കഴിഞ്ഞ നിയമ സഭ തെരെഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ 4332 വോട്ടിന്‍റെ കുറവ് എങ്ങനെയുണ്ടായി എന്ന അങ്കലാപ്പിലാണ് ജില്ലാ നേതൃത്വം. കൊലപാതക രാഷ്ട്രീയവും ശബരിമല വിഷയവും പ്രധാന തിരിച്ചടിയായെന്ന് വിലയിരുത്തുമ്പോഴും പാഠം പഠിക്കാൻ ഇതുവരെ സിപിഎം തയ്യാറായിട്ടില്ല.

LDFmanjeswaram
Comments (0)
Add Comment