ഖത്തറിലെ സ്വർണ വ്യാപാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കൊടിസുനിയെ സംരക്ഷിച്ച് സർക്കാർ

കൊടുവള്ളി നഗരസഭാംഗവും ഖത്തറിലെ സ്വർണ വ്യാപാരിയുമായ കോഴിശേരി മജീദിനെ കൊടിസുനി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നഗരസഭാ ചെയർമാനും, ഭരണ സമിതി അംഗങ്ങൾക്കും മുഖ്യമന്ത്രിയെയും ഡിജിപിയേയും കാണാൻ അനുവാദം ലഭിച്ചില്ല. ഖത്തറിൽ തുടരുന്ന മജീദ് ജീവന്‍ സുരക്ഷ നൽകുമെന്ന ഉറപ്പ് അധികൃതരിൽ നിന്നും ലഭിക്കാത്തതിനാൽ നാട്ടിലേക്ക് മടങ്ങിയിട്ടില്ല. അതിനിടെ ഭീഷണിപ്പെടുത്താൻ കൊടി സുനി ഉപയോഗിച്ച ഫോൺ നമ്പർ കോട്ടയം സ്വദേശിയുടെ പേരിലുള്ളതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

രേഖകളില്ലാത്ത സ്വര്‍ണം വാങ്ങാന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ കൊടി സുനി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കോഴിശേരി മജീദ് ഖത്തര്‍ എംബസ്സിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിന് പിന്നാലെ മജീദിന്‍റെ ഭാര്യ കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും പരാതി നല്‍കി. ഈ പരാതിയിന്മേലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

മെയ് 20നാണ് 9207073215 എന്ന നമ്പറില്‍ നിന്ന് വിളിച്ച് കൊടി സുനി തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് മജീദ് പരാതിപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ സ്വദേശി ഫെഫീക് എന്നയാളാണ് ആദ്യം വിളിച്ചത്. ഇയാള്‍ സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് അറിയിക്കുകയും വിലയും മറ്റും ചോദിക്കുകയും ചെയ്തു. പൊലീസ് ക്ലിയറന്‍സ് റിപ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൊടി സുനിയെന്ന് പരിചയപ്പെടുത്തിയ ആള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കൊത്തിക്കളയുമെന്നായിരുന്നു ഭീഷണി. ഭീഷണി പലവട്ടം തുടര്‍ന്നുവെന്നും മജീദ് പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി ഇപ്പോള്‍ ജയിലിലാണ് ഉള്ളത്.

kodi SuniMajeed
Comments (1)
Add Comment