കൊവിഡിന്‍റെ മറപിടിച്ച് അധികാരത്തിൽ തുടരാമെന്നത് മന്ത്രി ജലീലിന്‍റെ വ്യാമോഹം : ലതികാ സുഭാഷ്

കണ്ണൂർ: കൊവിഡിന്‍റെ മറപിടിച്ച് അധിക കാലം കസേരയില്‍ ഇരിക്കാമെന്നത് മന്ത്രി ജലീലിന്‍റെ വ്യാമോഹം മാത്രമായിരിക്കുമെന്നും
ജലീൽ രാജിവെക്കും വരെ സമരം തുടരുമെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ് പറഞ്ഞു. സമരം ചെയ്യുന്ന സ്ത്രീകളെയും യുവജന പ്രവര്‍ത്തകരെയും ക്രൂരമായി തല്ലി ചതച്ച് തങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന അഴിമതികഥകളില്‍ നിന്നും രക്ഷപ്പെടാമെന്നത് പിണറായി സര്‍ക്കാരിന്‍റെ വ്യാമോഹം മാത്രമായിരിക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞു.

സ്വര്‍ണ്ണ കള്ളകടത്ത് കേസില്‍ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടും. മന്ത്രിക്ക് സംരക്ഷണം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടും കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുകയും അതിന് കൂട്ട് നില്‍ക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലതികാ സുഭാഷ്.

കൊവിഡ് കാലമായിട്ടും സ്ത്രീകള്‍ സമര മുഖത്തേക്ക് ഇറങ്ങേണ്ടി വന്നത് നാടിനെ നാണിപ്പിക്കുന്ന അഴിമതികഥകളും മുഖ്യമന്ത്രിയുടെ ഓഫീസും മന്ത്രിയുടെ ഓഫീസും കേന്ദ്രീകരിച്ച് അവിഹിത ഇടപെടലുകളും നടക്കുമ്പോള്‍ അത് നോക്കി നില്‍ക്കാന്‍ സാധിക്കില്ലെന്നത് കൊണ്ടാണ് മഹാമാരിയുടെ കാലത്തും സമര മുഖത്തേക്ക് ഇറങ്ങേണ്ടി വന്നത്.

എന്‍ ഐ എ ചോദ്യം ചെയ്ത മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യുവാക്കളെയും കെ എസ് യു പ്രവര്‍ത്തകരെയും പോലീസിനെ ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതക്കുകയാണ് ചെയ്യുന്നത്. സമര മുഖത്ത് സ്ത്രീകളെ നേരിടാന്‍ ആദ്യം വനിതാ പൊലീസിനെ വിന്യസിക്കാതെ പുരുഷ പൊലീസിനെ ഉപയോഗിച്ച് സമരം നേരിടാന്‍ ശ്രമിച്ചപ്പോള്‍ പോലീസിന് കൈ പൊള്ളിയതാണ് ഇപ്പോള്‍ വനിതാ സമരക്കാരെ നേരിടാന്‍ കൂടുതല്‍ വനിതാ പൊലീസിനെ വിനിയോഗിക്കേണ്ടി വന്നിരിക്കുന്നതെന്നും ലതികാ സുഭാഷ് പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി രമാനന്ദ് അധ്യക്ഷതവഹിച്ചു.ഡി.സിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി സംസാരിച്ചു. മാര്‍ച്ചിന് കെപിസിസി സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.വി.ഫിലോമിന, പി കെ സരസ്വതി, സുനിജ ബാലകൃഷ്ണന്‍, മുന്‍ മേയര്‍ സുമാ ബാലകൃഷ്ണന്‍, സോയ ജോസഫ്, ഡെയ്‌സി സ്‌കറിയ, സി ടി ഗിരിജ, അത്തായ പത്മിനി, ഇ.പി.ശ്യാമള, ശ്രീജ മഠത്തില്‍, ഉഷ എം, കെ.പി.നസീമ എന്നിവര്‍ നേതൃത്വം നല്‍കി.

കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ, മാര്‍ട്ടിന്‍ജോര്‍ജ്, വി എ നാരായണന്‍, സജീവ് മാറോളി, കെപിസിസി സെക്രട്ടറി എം പി മുരളി, സംഘടനാ ചുമതലയുള്ള ഡിസിസി ജന. സെക്രട്ടറി കെ സി മുഹമ്മദ് ഫൈസല്‍, രജിത്ത് നാറാത്ത് എന്നിവര്‍ സംബന്ധിച്ചു.

Comments (0)
Add Comment