ലക്ഷം ദീപങ്ങള്‍ മിഴി തുറക്കും… ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം ഇന്ന് ; നഗരത്തില്‍ ഗതാഗത നിയന്ത്രണം

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം ഇന്ന്. മകരസംക്രമദിനത്തിൽ ഒരു ലക്ഷം എണ്ണത്തിരിയിട്ട ദീപങ്ങൾ തെളിയിക്കുന്ന ഭക്തി സാന്ദ്രമായ കാഴ്ചയ്ക്ക് ഇന്ന് പദ്മനാഭന്‍റെ മണ്ണ് സാക്ഷിയാകും. ലക്ഷദീപ മഹോത്സവവുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണവും പാർക്കിംഗ് നിയന്ത്രണവും ഉണ്ടയിരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ വേദമന്ത്ര മുഖരിതമായ അമ്പത്തിയാറ് നാളുകൾക്കൊടുവിലെ ലക്ഷദീപത്തിനാണ് ഇന്ന് തലസ്ഥാന നഗരി സാക്ഷിയാകുന്നത്. ആറ് വര്‍ഷം കൂടുമ്പോള്‍ മുറതെറ്റാതെ വരുന്ന മുറജപവും ഇന്ന് സമാപിക്കും. മകരസംക്രമ ദിനം കൂടിയായ ഇന്ന് പത്മനാഭ സ്വാമി ക്ഷേത്രവും  പരിസരവും ഒരു ലക്ഷം മൺചിരാതുകളിൽ തിരി തെളിയിച്ച് അലങ്കരിക്കപ്പെടും.

വൈദ്യുത ദീപാലങ്കാരങ്ങൾ കൂടിയാകുമ്പോൾ ഭക്തി നിർഭരമായ കാഴ്ചയ്ക്കാണ് തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ശീവേലിപുരയുടെ സാലഭഞ്ജികൾ, ശ്രീകോവിലിനുളളിലെ മണ്ഡപങ്ങൾ, ക്ഷേത്രത്തിന് ഉൾവശം, മതിലകത്തിന് പുറത്തെ ചുമരുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ദീപങ്ങൾ തെളിയുക. പൊന്നും ശീവേലിയാണ് ഇന്നത്തെ പ്രധാന ആകർഷണം. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ എത്തുന്നത് കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ലക്ഷം ദീപങ്ങൾ തെളിച്ച് പത്മനാഭനെ സ്തുതിക്കുമ്പോൾ ഭക്തജനങ്ങൾക്ക് അത് ജന്മസുകൃതമാണ്.

Sree Padmanabhaswami Temple
Comments (0)
Add Comment