ജലീലിനെ ഉന്നത വിവരക്കേട് വകുപ്പിന്റെ മന്ത്രിയെന്ന് മാറ്റേണ്ടതുണ്ട്: മോഡറേഷന്‍ എന്ന വാക്കിന്റെ അര്‍ത്ഥം മന്ത്രിക്കറിയല്ല; കെ.ടി. ജലീലിനെതിരെ ഷിബു ബേബി ജോണ്‍

Jaihind Webdesk
Thursday, October 17, 2019

എം.ജി സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിനെതിരെ ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്ത്. മാര്‍ക്ക് ദാനത്തെക്കുറിച്ചും മോഡറേഷനെക്കുറിച്ചും മന്ത്രി പറയുന്ന വാദങ്ങള്‍ കേട്ടാല്‍ ഉന്നത വിവരക്കേട് വകുപ്പിന്റെ മന്ത്രിയെന്ന് മാറ്റിയെഴുതേണ്ടി വരുമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.
ജലീലിനെതിരെ മാര്‍ക്ക് ദാന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. എംജി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോതമംഗലം എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിക്ക് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ന്ന് മാര്‍ക്ക് കൂട്ടി നല്‍കിയെന്ന വസ്തുതയായിരുന്നു രമേശ് ചെന്നിത്തല പുറത്തുവിട്ടത്. കോട്ടയത്ത് എംജി സര്‍വകലാശാലയില്‍ ഈ വര്‍ഷം ഫെബ്രുവരി നടത്തിയ അദാലത്തിന്റെ മറവിലാണ് മാര്‍ക്ക് ദാനം നടന്നിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ മന്ത്രി ഉന്നയിച്ച വാദങ്ങളാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. മാര്‍ക്ക് ദാനം എന്ന് പറയുന്നത് മോഡറേഷനെയാണെന്നായിരുന്നു കെ.ടി. ജലീലിന്റെ വാദം.
ഈ വാദത്തോട് പരമ പുച്ഛം തോന്നുന്നുവെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. മൂന്ന് കാര്യങ്ങളെക്കുറിച്ചുള്ള മന്ത്രിയുടെ കാഴ്ച്ചപ്പാട് ലജ്ജാകരമാണ്. ഒന്ന് മോഡറേഷന്‍ എന്ന വാക്കിന്റെ അര്‍ത്ഥം മന്ത്രിക്കറിയില്ല. മോഡറേഷന്‍ കൊടുക്കുന്നത് പരീക്ഷ കഴിഞ്ഞ വാല്യുവേഷന്‍ സമയത്ത് ക്വസ്റ്റ്യന്‍ പേപ്പര്‍ ടഫാണെങ്കിലോ ഔട്ടോ സിലിബസിലാണെങ്കിലോ തുടങ്ങിയ കാരണങ്ങളാണ് യൂണിവേഴ്‌സിറ്റിയും മറ്റ് അധികൃതരും തീരുമാനിച്ച് മോഡറേഷന്‍ കൊടുക്കാറുണ്ട്. അത് പരീക്ഷ എഴുതുന്ന എല്ലാപേര്‍ക്കും നല്‍കും. അല്ലാതെ പരീക്ഷ തോറ്റ വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ നല്‍കുന്ന മാര്‍ക്കല്ല മോഡറേഷന്‍. ഇന്നേവരെ സംസ്ഥാനത്ത് അങ്ങനൊന്ന് സംഭവിച്ചിട്ടില്ല. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് പരീക്ഷ എഴുതിയ മറ്റ് കുട്ടികളോട് കാണിക്കുന്ന ക്രൂരതയാണ്.
പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്തതിനെ ന്യായീകരിക്കുന്ന നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. മന്ത്രിയുടെ അഭാവത്തില്‍ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്തത് റൂള്‍സ് ഓഫ് ബിസിനസ്സ് പ്രകാരം എന്ത് പ്രോട്ടോക്കാള്‍ പ്രകാരമാണ് പങ്കെടുത്തതെന്ന് ഷിബു ബേബിജോണ്‍ ചോദിച്ചു. മന്ത്രിസ്ഥാനം എന്നത് വഴിവിട്ട് കാര്യങ്ങളെ സ്വാധീനിക്കാനുള്ള പദവിയായാണ് കെ.ടി. ജലീല്‍ കാണുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനെക്കുറിച്ച് ഉന്നയിച്ച ആക്ഷേപത്തിലൂടെ രാജ്യത്തെ യു.പി.എസ്.സിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്തിരിക്കുന്നത്. പിണറായിയെക്കാള്‍ കൂടുതല്‍ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ് ജലീലില്‍ കാണാന്‍ സാധിക്കുന്നത്. ജലീലിനെ നിയന്ത്രിക്കേണ്ട പിണറായി വിജയന്റേല് പറഞ്ഞിട്ടും കാര്യമില്ലാത്ത അവസ്ഥയാണ്. സമൂഹത്തിന്റെ ഭാവിയെ ഓര്‍ത്ത് കെ.ടി. ജലീലിനെ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പാണ് അദ്ദേഹത്തിന് യോജിക്കുന്നതെന്നും ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാട്ടി.