ഉദ്യോഗാർത്ഥികളുടെ വിഷയത്തിൽ ഗവർണർ ഇടപെടണമെന്ന് കെ.എസ്.യു

Jaihind News Bureau
Friday, February 19, 2021

തിരുവനന്തപുരം : ഉദ്യോഗാർത്ഥികളുടെ വിഷയത്തിൽ ഗവർണർ ഇടപെടണമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്ത് പ്രശ്നപരിഹാരത്തിന് ഗവർണറെ സമീപിക്കാനും  കെ.എസ്.യു തീരുമാനിച്ചു.

എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 26 ആം ദിവസത്തിലെത്തുമ്പോഴും തിരിഞ്ഞുനോക്കാതെ സർക്കാർ. സർക്കാർ ചർച്ചക്ക‌് വിളിക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. സമരം ശക്തമാക്കാനും ഉദ്യോഗാർത്ഥികള്‍ തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിനു ഒരുങ്ങുകയാണ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ.

24-ാം ദിനമായ ഇന്നലെ ഉദ്യോഗാർഥികൾ ഉപവാസ സമരം അനുഷ്ഠിച്ചു. സർക്കാർ സമീപനം ഈ രീതിയിലാണെങ്കിൽ സമാധാനപരമായിത്തന്നെ സമരത്തിന്റെ ഭാവം മാറുമെന്നു നേതാക്കൾ പറഞ്ഞു. സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും സമരം ശക്തമാക്കാനൊരുങ്ങുകയാണ്.

കെഎസ്ആർടിസി മെക്കാനിക് ഗ്രേഡ് 2 റാങ്ക് ലിസ്റ്റിലുള്ളവരും ഇന്നലെ സമരം ആരംഭിച്ചു. താൽക്കാലികക്കാരെ പിരിച്ചുവിട്ടു പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്തണമെന്നാണ് ഇവരുടെയും ആവശ്യം. നിയമന ശുപാർശ ലഭിച്ചിട്ടും നിയമനം അനിശ്ചിതത്വത്തിലായ അധ്യാപകരുടെയും വേണ്ടത്ര കുട്ടികളില്ലെന്ന പേരിൽ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട എയ്ഡഡ് എൽപി സ്കൂൾ അധ്യാപകരുടെയും സമരങ്ങളും തുടരുകയാണ്.