ഭരണസ്വാധീനം ഉപയോഗിച്ച് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ.എസ്.യു

Jaihind Webdesk
Monday, October 23, 2023

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ കോളേജുകളില്‍ ഒക്ടോബര്‍ 31 നടക്കുന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കോളേജുകളിലെ എസ്.എഫ്.ഐ ഇടത് അധ്യാപക കൂട്ടുകെട്ട് ഭരണ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി.കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പരീക്ഷയില്‍ നിര്‍ബന്ധമായും പാസാവണം എന്നിരിക്കെ ചേളന്നൂര്‍ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ പോസ്റ്റിലേക്ക് മത്സരിക്കുന്ന എം.കോം വിദ്യാര്‍ത്ഥിയായ ആദര്‍ശ് എസ്.എം എന്ന എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയുടെ യൂണിവേഴ്‌സിറ്റി തടഞ്ഞു വച്ചിരിക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ റിസള്‍ട്ട് പരിശോധിക്കുവാന്‍ പോലും ബന്ധപ്പെട്ട കോളേജ് അധികാരികള്‍ തയ്യാറാകുന്നില്ല.ഇതുമായി ബന്ധപ്പെട്ട വിയോജിപ്പും പരാതികളും നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന സമയത്ത് തന്നെ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ ഏജന്റ്മാര്‍ ഉന്നയിച്ചിരുന്നെങ്കിലും അത് മുഖവിലക്കെടുക്കാതെയാണ് റിട്ടേണിംഗ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഇതേ വിദ്യാര്‍ത്ഥിയെ മത്സരിക്കാന്‍ അനുവദിച്ചത്. ഈ വിദ്യാര്‍ത്ഥി പരീക്ഷയില്‍ പാസായതാണെന്ന് രഹസ്യമായി പരീക്ഷാഫലം പരിശോധിച്ചു ഉറപ്പുവരുത്തണമെന്ന കെ.എസ്.യുവിന്റെ പരാതി പരിശോധിക്കാന്‍ പോലും ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് വെല്‍ഫെയര്‍ ഡീനോ യൂണിവേഴ്‌സിറ്റി അധികാരികളോ തയ്യാറാവാത്തത് പ്രതിഷേധമാണ്. കലാലയ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കെ.എസ്.യു ഗവര്‍ണര്‍ ചീഫ് സെക്രട്ടറി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എന്നിവര്‍ക്ക് പരാതി നല്‍കി തിരഞ്ഞെടുപ്പ് നിയമങ്ങളെ ലംഘിച്ച് കലാലയ തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്.എഫ്.ഐ ഇടത് അധ്യാപക കൂട്ടുകെട്ട് ജനാധിപത്യവിരുദ്ധമാണെന്ന് കെഎസ്യു ജില്ലാ പ്രസിഡണ്ട് വി.ടി സൂരജ് കുറ്റപ്പെടുത്തി.