കേരള സർവ്വകലാശാല ഉത്തരക്കടലാസുകൾ കത്തിനശിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു

Jaihind News Bureau
Thursday, May 14, 2020

കായംകുളം എം.എസ്.എം കോളേജിലെ അധ്യാപികയുടെ വീട്ടിൽ നിന്നും കേരള സർവ്വകലാശാല ഉത്തരക്കടലാസുകൾ കത്തിനശിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു. കേരള സർവ്വകലാശാല നടത്തിയ ഒന്നാം സെമസ്റ്റർ ബി എസ് സി യുടെ ഉത്തരക്കടലാസുകളാണ് കത്തി നശിച്ചത് .

മൂല്യനിർണയത്തിന് ആയി കൊണ്ടുവന്ന കേരള സർവ്വകലാശാല ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകൾ അദ്ധ്യാപികയുടെ വീട്ടിൽ വച്ച് കത്തിനശിച്ചത് ദുരൂഹതകളുയർത്തുന്നു എന്ന് കെഎസ്‌യു. ഉത്തരക്കടലാസുകൾ കത്തിനശിച്ച സംഭവവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി, വിജിലൻസ് തല അന്വേഷണം നടത്തണമെന്ന് കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് നിതിൻ എ പുതിയിടം അഭിപ്രായപ്പെട്ടു.

വിദ്യാർഥികളുടെ ഭാവി തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് അധ്യാപികയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും, ഇടതുപക്ഷ അധ്യാപക സംഘടന നേതാക്കള്‍ അധ്യാപികയെ സംരക്ഷിക്കുകയാണെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് നിതിൻ എ പുതിയിടം പറഞ്ഞു. കായംകുളം എംഎസ്എം കോളേജിന് മുൻപിൽ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധം നടത്തി.

അതേസമയം, പോലീസ് അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവുണ്ട്. ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹൻദാസ് അന്വേഷണത്തിന് നിർദേശം നൽകിയത്. ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പോലീസ് മേധാവിയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കേരള സർവകലാശാല റജിസ്ട്രാറും നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്യണം. ബി.എസ്.സി ഒന്നാം സെമസ്റ്റർ രസതന്ത്ര പരീക്ഷയുടെ 38 ഉത്തരക്കടലാസുകളാണ് തീപിടിച്ചത്. വീട്ടിൽ ടേബിൾ ലാംപിന്‍റെ വെളിച്ചത്തിൽ ഉത്തരക്കടലാസ് പരിശോധിക്കുന്നതിനിടെ ആഹാരം കഴിക്കാനായി മുറിവിട്ടു പോയപ്പോഴാണ് തീ പിടിച്ചതെന്നാണ് അധ്യാപികയായ അനു പറയുന്നത് .

ഇത് സംബന്ധിച്ചു കായംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പന്തളം എൻ.എസ്.എസ് കോളേജിൽ നിന്നു കായംകുളം എം.എസ്.എം കോളേജിലെ അദ്ധ്യാപികയ്ക്ക് മൂല്യനിർണ്ണയത്തിനായി നൽകിയ ഉത്തരകടലാസുകളാണ് കത്തി നശിച്ചത്. ഇത് സംബന്ധിച്ച് അദ്ധ്യാപിക തന്നെ പോലീസിൽ കേസ് നൽകുകയായിരുന്നു. അദ്ധ്യാപികയുടെ ഈ നിരുത്തരവാദിത്വപരമായ നിലപാടിനെതിരെ വരുംദിവസങ്ങളിൽ വിദ്യാർത്ഥി സമൂഹത്തിന് ഇടയിൽ നിന്ന് തന്നെ ഒരു വൻ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.