മോഡറേഷന്‍ ക്രമക്കേട് : അധിക മാർക്ക് നേടിയ 24 പേരുടെ ബിരുദം പിൻവലിക്കും; തീരുമാനം കേരള സർവകലാശാല സിൻഡിക്കേറ്റിന്‍റേത്

Jaihind News Bureau
Tuesday, January 21, 2020

മോഡറേഷനിൽ ക്രമക്കേടിലൂടെ അധിക മാർക്ക് നേടിയ 24 പേരുടെ ബിരുദം പിൻവലിക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇതിനായി ഗവർണറോടും സെനറ്റിനോടും അനുമതി തേടാൻ വൈസ് ചാൻസിലറെ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തി. അതേ സമയം മോഡറേഷൻ ലഭിച്ച 112 വിദ്യാർത്ഥികളുടെ പേപ്പറും റദ്ദാക്കും.

മോഡറേഷന്റെ പേരിൽ മാർക്കിൽ കൃത്രിമം നടന്നതായി സർവകലാശാലയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഐ.ടി സെല്ലിൽ ഉൾപ്പെടെ ക്രമക്കേട് നടന്നുവെന്നായിരുന്നു കണ്ടെത്തൽ. ഇതിന്‍റെ തുടർച്ചയായിട്ടാണ് മോഡറേഷനിലൂടെ അധികമായി മാർക്ക് നേടിയ 24 പേരുടെ ബിരുദം പിൻവലിക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചത്. ഇതിനായി ചാൻസിലർ കൂടിയായ ഗവർണറോടും സെനറ്റിനോടും അനുമതി തേടും. ഇതിനായി സർവകലാശാല വൈസ്ചാൻസിലറെ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തി. ഈ കാലയളവിൽ മോഡറേഷൻ ലഭിച്ച 112 വിദ്യാർത്ഥികളുടെ പേപ്പർ റദ്ദാക്കാനും തീരുമാനിച്ചു. ഇവർക്കായി ഫീസ് വാങ്ങാതെ പുനഃപരീക്ഷ നടത്തും. എത്രയും പെട്ടെന്ന് ഫലം പ്രഖ്യാപിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. മോഡറേഷൻ ക്രമക്കേടിലൂടെ അധികമാർക്ക് നേടിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ് വേർഡും യൂസർഐഡിയും മറ്റു പല ഉദ്യോഗസ്ഥരും ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു.