ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ അനിശ്ചിതകാല പണിമുടക്ക്

Wednesday, January 16, 2019

KSRTC

ഇന്ന് അർധരാത്രി മുതൽ കെ.എസ്.ആർ.ടി.സിയില്‍ അനിശ്ചിതകാല പണിമുടക്ക്. കെ.എസ്.ആ‌ർ.ടി.സി എം.ഡിയുമായി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക്. എം.ഡി ടോമിൻ തച്ചങ്കരി ചര്‍ച്ചയില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും തങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലെന്നും യൂണിയൻ നേതാക്കൾ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

പണിമുടക്കിൽ നിന്ന് യൂണിയനുകൾ പിൻമാറണമെന്ന് കെ.എസ്.ആർ.ടി.സി എം‍.ഡി ടോമിൻ തച്ചങ്കരി ആവശ്യപ്പെട്ടു. സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെങ്കിൽ സർക്കാരുമായി ആലോചിച്ച് ഭാവിനടപടികളുമായി മുന്നോട്ടുപോവുമെന്നും തച്ചങ്കരി മുന്നറിയിപ്പ് നൽകി.

ശമ്പള പരിഷ്കരണ ചര്‍ച്ചകള്‍ ആരംഭിക്കുക, ഡ്യൂട്ടി പരിഷ്കരണത്തില്‍ ഗതാഗത സെക്രട്ടറിയുടെ ശുപാര്‍ശ നടപ്പാക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂണിയനുകള്‍ പണിമുടക്കുന്നത്.