ജനുവരി 20 മുതല്‍ KSRTC യില്‍ അനിശ്ചിതകാല പണിമുടക്ക്

Jaihind News Bureau
Friday, December 27, 2019

തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ജനുവരി 20 ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി അറിയിച്ചു.

KSRTC തൊഴിലാളികളുടെ പ്രതിമാസശമ്പളം എല്ലാമാസവും അവസാന പ്രവൃത്തിദിവസം മുടങ്ങാതെ നല്‍കുക, 2016 ല്‍ കാലാവധി അവസാനിച്ച ശമ്പള ക്കരാര്‍ പുതുക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, 6 ഗഡു DA കുടിശ്ശിക അനുവദി ക്കുക തുടങ്ങി 15 ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് TDF സെക്രട്ടേറിയേറ്റുനടയില്‍ ഡിസംബര്‍ 5 മുതല്‍ അനിശ്ചിത കാലസത്യാഗ്രഹം നടത്തിവരികയായിരുന്നു. ഇതേ ആവശ്യങ്ങളുന്നയിച്ച് നവംബര്‍ 4 ന് TDF നടത്തിയ KSRTC പണിമുടക്ക് വന്‍വിജയമാകുകയും ഭൂരിപക്ഷം തൊഴിലാളികള്‍ പങ്കെടുക്കുകയും ഭൂരിപക്ഷം സര്‍വ്വീസുകള്‍ മുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങളുന്നയിച്ച ഒരാവശ്യത്തിനുമേല്‍ പോലും സര്‍ക്കാരിന്റേയോ മാനേജ്‌മെന്റിന്റെയോ ഭാഗത്തു നിന്നും അനുകൂല തീരുമാനമോ, നടപടിയോ ഉണ്ടാകുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് TDF സെക്രട്ടറിയേറ്റു നടയില്‍ ഡിസംബര്‍ 5 മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്. KSRTC യിലെ ഭരണപക്ഷയുണിയനുകളുള്‍പ്പെടെ എല്ലാ യൂണിയനുകളും ഇതേ ആവശ്യങ്ങളു ന്നയിച്ച് അനിശ്ചിതകാല സത്യാഗ്രഹത്തിലാണ്. ഇതുവരെ പ്രശ്‌നപരിഹാരത്തിനായി ഒരു ചര്‍ച്ചയ്ക്കു പോലും ഇടതുപക്ഷ സര്‍ക്കാരോ മന്ത്രിയോ തയ്യാറായില്ല. ഈ നടപടി KSRTC തൊഴിലാളികളെ അവഹേളിക്കുന്നതിനു തുല്യമാണ്.

ഈ സാഹചര്യത്തിലാണ് ഇന്ന് തിരുവനന്തപുരത്തു കൂടിയ TDF സംസ്ഥാന കമ്മറ്റിയുടെ അടിയന്തിരയോഗം അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. ശബരിമല തീര്‍ത്ഥാടനകാലം കഴിഞ്ഞാലുടന്‍ ജനുവരി 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം. പണിമുടക്ക് തീരുമാനത്ത ത്തുടര്‍ന്ന് TDF സെക്രട്ടറിയേറ്റ് നടയില്‍ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. KSRTC തൊഴിലാളികളെ ഒരു നിശ്ചിതകാല പണിമുടക്കിലേക്ക് ഇടതുപക്ഷ സര്‍ക്കാര്‍ തള്ളിവിടുകയാണെന്ന് TDF സംസ്ഥാന കമ്മറ്റി കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി വി.എസ്.ശിവകുമാര്‍ MLA, വര്‍ക്കിംഗ് പ്രസിഡന്റ് ആര്‍.ശശീധരന്‍, ആര്‍. അയ്യപ്പന്‍, സണ്ണി തോമസ്, സന്തോഷ് കുര്യന്‍, കെ.ഗോപകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു. പണിമുടക്കും നോട്ടീസ് ജനുവരി 3 ന് നല്‍കും.