ഇടത് സര്‍ക്കാരിന്‍റെ മുഖമുദ്ര ധൂര്‍ത്തും അഴിമതിയും : രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, December 5, 2019

തൊഴിലാളികള്‍ക്ക് ശമ്പളം പോലും നല്‍കാതെ ധൂര്‍ത്തും അഴിമതിയുമാണ് പിണറായി സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉലകം ചുറ്റുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയവും താല്‍പര്യവുമില്ല. സര്‍ക്കാരിന്‍റെ തെറ്റായ നടപടികള്‍ക്കെതിരെ ഭരണകക്ഷി യൂണിയനിലെ തൊഴിലാളികള്‍ പോലും സമരം ചെയ്യേണ്ട ഗതികേടാണ്. തൊഴിലാളികളുടെ ശമ്പളം പോലും നിഷേധിക്കുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രണ്ട് വർഷം കൊണ്ട് കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലെത്തിക്കുമെന്നും കണ്‍സോര്‍ഷ്യം കരാര്‍ നടപ്പാക്കുന്നതോടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും പ്രഖ്യാപിച്ച ധനമന്ത്രിയാണ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ അനുവദിച്ച സര്‍ക്കാര്‍ വിഹിതമായ 20 കോടി വെട്ടിക്കുറച്ച് ശമ്പളവിതരണം താറുമാറാക്കിയത്. യു.ഡി.എഫ് ഭരണകാലത്ത് മികച്ച നിലയിലെത്തിച്ച കെ.എസ്.ആര്‍.ടി.സിയെ സുശീല്‍ ഖന്നയുടെ മണ്ടന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതിലൂടെ ഇടതുസര്‍ക്കാര്‍ തകര്‍ത്തു. കോടതിയില്‍ ഒത്തുകളിച്ച് 9,500 പേരെ പിരിച്ചുവിട്ടു. ഇത്രയും ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം ബസോടിക്കാന്‍ ആളില്ല എന്ന് പറയുന്നത് വിരോധാഭാസമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതുന്ന നരേന്ദ്ര മോദിയുടെ അതേ സമീപനമാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നടപ്പിലാക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി പറഞ്ഞു. കെ.എസ്.ആര്‍.ടി.യിയെ സ്വകാര്യവത്കരിക്കുന്നതിന്‍റെ ഭാഗമാണ് വാടകവണ്ടിയെടുക്കാനുള്ള തീരുമാനം. യു.ഡി.എഫ് കാലത്ത് ഓടിക്കൊണ്ടിരുന്ന 1,000 ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ച് യാത്രക്കാരെയും ജീവനക്കാരെയും മാനേജ്‌മെന്‍റ് ശിക്ഷിക്കുകയാണ്. പ്രകടനപത്രികയില്‍ കെ.എസ്.ആര്‍.ടി.സിക്കുവേണ്ടി എല്‍.ഡി.എഫ്‌നല്‍കിയ ഉറപ്പുകളെല്ലാം ലംഘിച്ചുവെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

തുടര്‍ച്ചയായ ശമ്പള നിഷേധം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, ഡി.എ കുടിശിക അനുവദിക്കുക, തടഞ്ഞുവെച്ച പ്രെമോഷനുകള്‍ അനുവദിക്കുക, നിയമന നിരോധനം പിന്‍വലിക്കുക, വാടകവണ്ടി ഉപേക്ഷിക്കുക, പുതിയ ബസുകള്‍ ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഫെഡറേഷന്‍ അനിശ്ചിത കാല സത്യഗ്രഹം നടത്തുന്നത്. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു. വി.എസ് ശിവകുമാര്‍ എം.എല്‍.എ, ആര്‍ ശശിധരന്‍, സണ്ണി തോമസ്, ആര്‍ അയ്യപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.