കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമായി തുടരുന്നു; പ്രശ്‌നത്തിൽ ഇടപെടാതെ സർക്കാരിന്‍റെ ഒളിച്ചുകളി

Jaihind News Bureau
Monday, December 16, 2019

കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പ്രശ്‌നത്തിൽ ഇടപെടാതെ സർക്കാർ ഒളിച്ചുകളിക്കുന്നു. സർക്കാർ ഉടൻ ഇടപെടുമെന്നു പ്രതീക്ഷിച്ച് ഭരണ പ്രതിപക്ഷ സംഘടനകൾ തുടങ്ങിയ അനിശ്ചിതകാല സമരങ്ങൾ ലക്ഷ്യം കാണാതെ നീളുകയാണ്.

കെഎസ്ആർടിസിയിൽ ശമ്പളം തുടർച്ചയായി മുടങ്ങിയതിനെ തുടർന്നാണ് സമരം ആരംഭിച്ചത്. പിന്നാലെ ,70 ശതമാനം ശമ്പളം നൽകി. ശേഷിക്കുന്നത് 20 നോ 23 നോ നൽകാനുള്ള ഒരുക്കത്തിലാണ് മാനേജ്മെന്‍റ്. കഴിഞ്ഞ മാസം പലതവണയായി കെ.എസ്.ആർ.ടി.സി 100 കോടി രൂപ ധനസഹായം ആവശ്യപ്പെട്ടിരുന്നു. നൽകിയത് 25 കോടി . കോർപ്പറേഷന് സ്വന്തം നിലയ്ക്ക് പരിഹരിക്കാൻ കഴിയുന്ന പ്രതിസന്ധിയല്ലെന്നും കൂട്ടായ ഇടപെടൽ ആവശ്യമാണെന്നും കാണിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രി, സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാർ, എൽ.ഡി.എഫ് കൺവീനർ എന്നിവർക്ക് കത്ത് നൽകിയിരുന്നു.

ധനമന്ത്രി തോമസ് ഐസക്കുമായി വെള്ളിയാഴ്ച ചർച്ച നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. 1000 ബസുകളെങ്കിലും പുതുതായി ഇറക്കിയാലേ വരുമാനം വർദ്ധിക്കൂ. അതിന് കുറഞ്ഞത് 350 കോടി വേണം. കൺസോർഷ്യം കരാർ പ്രകാരം പുതിയ വായ്പകൾ എടുക്കാനാകില്ല. തിരിച്ചടവ് വേണ്ടാത്ത ധനസഹായമാണ് വേണ്ടത്. സർക്കാർ ഉറപ്പിൽ വായ്പ ലഭ്യമാക്കുകയും തിരിച്ചടവ് സർക്കാർ ഏറ്റെടുക്കുകയും ചെയ്യണമെന്നാണ് സംഘടനകളുടെ ആവശ്യം.

https://www.youtube.com/watch?v=CVX489YEL4I