‘മുഖ്യമന്ത്രി ഭീരു, പ്രതിഷേധിക്കുന്നവരെ വധശ്രമക്കേസില്‍ കുടുക്കുന്ന നയം’: കെ.എസ് ശബരീനാഥന്‍

Jaihind Webdesk
Tuesday, July 19, 2022

തിരുവനന്തപുരം: സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പോലും വധശ്രമക്കേസിൽ കുടുക്കുന്ന പോലീസ് നയമാണ് കേരളത്തിൽ നടക്കുന്നതെന്ന് യൂത്ത് കോൺ​ഗ്രസ് വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥന്‍. മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് ഇതു വ്യക്തമാക്കുന്നതെന്നും ശബരീനാഥന്‍ പറഞ്ഞു.

‘മുഖ്യമന്ത്ര‌ിക്കെതിരെ പ്രതികരിച്ചാൽ വധശ്രമത്തിന് കേസെടുക്കും. കേരളം അങ്ങനെ മാറിയിരിക്കുന്നു. ഭീരുവിനെപ്പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്’ ശബരീനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കാൻ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു ശബരീനാഥന്‍റെ പ്രതികരണം.

ഇന്നുച്ചയ്ക്ക് 12.30നാണ് ശബരീ നാഥിനെ അറസ്റ്റ് വിവരെ അറിയിച്ചത്. എന്നാൽ അതിനു മുൻപേ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. മുൻകൂർ ജാമ്യ ഹർജി പരി​ഗണിക്കുന്നതിനു മുൻപ് തന്നെ അറസ്റ്റ് ചെയ്യാൻ രാഷ്‌ട്രീയ തീരുമാനമെടുക്കുകയായിരുന്നു എന്ന് യൂത്ത് കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. ഇതിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നു പ്രസിഡന്റ് ഷാഫി പറമ്പിൽ.