‘ഉള്ളതുപറഞ്ഞാല്‍ കള്ളിക്ക് തുള്ളല്‍ വരും’; സ്ത്രീത്വത്തിന്‍റെ മഹത്വത്തെക്കുറിച്ച് പറയാന്‍ സിപിഎമ്മിന് എന്തവകാശമെന്ന്‌ കെ.പി അനില്‍ കുമാര്‍

Jaihind News Bureau
Sunday, June 21, 2020

സ്ത്രീത്വത്തിന്‍റെ മഹത്വത്തെ കുറിച്ചും സ്ത്രീ സംരക്ഷണത്തേയും കുറിച്ച് പറയാന്‍ ഇടതുപക്ഷത്തിന് എന്തവകാശമാണുള്ളതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍. പാര്‍ട്ടിക്കുള്ളിലെ സഹോദരിമാരുടെ മാനത്തിന് വില പറയുന്നവരാണ് സിപിഎം. ഉള്ളതു പറഞ്ഞാല്‍ കള്ളിക്ക് തുള്ളല്‍ വരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പാര്‍ട്ടിക്കുള്ളിലെ മാന്യ സഹോദരിമാരുടെ മാനത്തിന് വിലപറയുന്ന നിങ്ങള്‍, സ്വന്തം അന്വേഷണ കമ്മീഷനും, പാര്‍ട്ടി പൊലീസ് സ്റ്റേഷനും, കോടതിയും വച്ച് ഭാരതസ്ത്രീയുടെ ഭാവശുദ്ധിയെ അളന്ന് തൂക്കി വെച്ച് വാണിഭം നടത്തുന്ന നിങ്ങള്‍ക്കെങ്ങനെ സ്ത്രീത്വത്തെ കുറിച്ച് പറയാന്‍ അവകാശം. സ്ത്രീകളെ ബഹുമാനിക്കാത്ത നിങ്ങള്‍ പരാതിക്കാരിയായ ഏതു സ്ത്രീയുടെ മാനത്തിനാണ് പാര്‍ട്ടികോടതിയും കമ്മീഷനും വിലനല്‍കിയിട്ടുള്ളത്- അനില്‍ കുമാര്‍ ചോദിക്കുന്നു.

സംസ്ഥാനത്ത് ഇത്തരം പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ഒരു ഗവണ്‍മെന്‍റ് പ്രവര്‍ത്തിക്കുന്നതിന് അപ്പുറത്തേക്ക് എന്താണ് ഈ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചത്. ഈ ദുരിതക്കാലത്തിന്റെ തുടക്കത്തില്‍ പുരപ്പുറത്ത് കയറി നിന്ന് പറഞ്ഞ എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്യാൻ ഈ ഗവണ്മെന്റോ മന്ത്രിയോ ശ്രമിച്ചിട്ടുണ്ടോ? കോവിഡിന്റെ ആക്രമണം നമമുടെ നാട്ടില്‍ തുടങ്ങിയിട്ടേ ഉള്ളൂ.

തുടക്കത്തില്‍ നാം സ്വയം നിയന്ത്രിച്ചും സാമൂഹ്യ അകലം പാലിച്ചും നാം സ്വയം സുരക്ഷ ഉറപ്പുവരുത്തുകയുണ്ടായി. കാലാകാലങ്ങളായി നമ്മുടെ ഭരണാധികാരികള്‍ ആരോഗ്യരംഗത്തു നടത്തിയ തുടര്‍ച്ചയായ ഇടപെടലും പ്രവര്‍ത്തനങ്ങളുമാണ് ഈ മുന്നേറ്റത്തിന് കാരണമായത്. അത് രാജഭരണ കാലം മുതല്‍ തുടങ്ങിയതാണ്. അല്ലാതെ കഴിഞ്ഞ നാലു വര്‍ഷത്തിനു മുന്‍പ് അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ മേന്‍മയായി പറഞ്ഞ് മേനിനടിക്കരുത്-അനില്‍ കുമാര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. ഷൈലജ ടീച്ചറെക്കുറിച്ച് ഒരു പ്രസംഗവേളയില്‍ കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ സത്യം കേരളത്തിന്റെ സാമൂഹിക -സാംസ്‌ക്കാരിക മണ്ഡലമാകെ മലീമസമാക്കി എന്ന തരത്തിലുള്ള വെളിപാടുകള്‍ ചില ഭാഗങ്ങളില്‍ നിന്നും ഉണ്ടാകുന്നു. ചിലരിതിനെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. ഇത്രയും ഉന്നത സ്ഥാനീയനായ വ്യക്തി ഇങ്ങനെ പറയാമോ?

ഇതിനു മുന്‍പും ഇങ്ങനെ പറഞ്ഞവരെ മുക്കാലില്‍ കെട്ടി അടിച്ച് അവരുടെ കൈയ്യും നാവും തിളച്ച എണ്ണയില്‍ മുക്കി നമ്മള്‍ നമ്മുടെ മഹത്തായ സാംസ്‌ക്കാരിക പാരമ്പര്യം നിലനിര്‍ത്തിയിരുന്നതായി പഴയ താളിയോലകളിലൊന്നും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും സ്വാഭാവികമാണ്. അഭിപ്രായ വ്യത്യാസം പറയുന്ന വരെ മുക്കാലില്‍ കെട്ടി അടിക്കാനും കണ്ണില്‍ മുളക് തേയ്ച്ച് സത്യത്തെ അസത്യമാക്കി മാറ്റി കാണിക്കാന്‍ കഴിയുന്ന പുതിയ ജനാധിപത്യ ക്രമമാണല്ലോ ഇപ്പോള്‍ ഇവിടം വാഴുന്നത്. വാഴുന്നവന് വായ്ത്താരി ഇടാനോ, അവരെ വാഴ്ത്താനോ താല്‍പര്യമുള്ളവര്‍ അവരുടെ ജോലി സ്വച്ഛന്ദം ചെയ്യട്ടെ. അല്ലാതെ മേക്കിട്ട് കേറേണ്ട കാര്യമുണ്ടോ.

സംസ്ഥാനത്ത് ഇത്തരം പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ഒരു ഗവര്‍മെന്റ് പ്രവര്‍ത്തിക്കുന്നതിനു അപ്പുറത്തേക്ക് എന്താണ് ഈ ഗവര്‍മെന്റ് പ്രവര്‍ത്തിച്ചത്. ഈ ദുരിതക്കാലത്തിന്റെ തുടക്കത്തില്‍ പുരപ്പുറത്ത് കയറി നിന്ന് പറഞ്ഞ എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്യാൻ ഈ ഗവണ്മെന്റോ മന്ത്രിയോ ശ്രമിച്ചിട്ടുണ്ടോ? കോവിഡിന്റെ ആക്രമണം നമമുടെ നാട്ടില്‍ തുടങ്ങിയിട്ടേ ഉള്ളൂ. തുടക്കത്തില്‍ നാം സ്വയം നിയന്ത്രിച്ചും സാമൂഹ്യ അകലം പാലിച്ചും നാം സ്വയം സുരക്ഷ ഉറപ്പുവരുത്തുകയുണ്ടായി. കാലാകാലങ്ങളായി നമ്മുടെ ഭരണാധികാരികള്‍ ആരോഗ്യരംഗത്തു നടത്തിയ തുടര്‍ച്ചയായ ഇടപെടലും പ്രവര്‍ത്തനങ്ങളുമാണ് ഈ മുന്നേറ്റത്തിന് കാരണമായത്. അത് രാജഭരണ കാലം മുതല്‍ തുടങ്ങിയതാണ്. അല്ലാതെ കഴിഞ്ഞ നാലു വര്‍ഷത്തിനു മുന്‍പ് അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ മേന്‍മയായി പറഞ്ഞ് മേനിനടിക്കരുത്.

രണ്ടര ലക്ഷം പേര് വന്നാല്‍ താമസവും ഭക്ഷണവും ചികിത്സയും ഒരുക്കി ഞങ്ങള്‍ കാത്തിരിക്കുന്നു എന്ന് പറഞ്ഞവര്‍ കാര്യത്തോട് അടുത്തപ്പോള്‍ കിടക്കാന്‍ കിടക്ക പോയിട്ട് കീറപ്പായ് പോലും കൊടുക്കാന്‍ കഴിയാതെ വറട്ട് ന്യായങ്ങള്‍ പറയുന്നു. കിടക്കാന്‍ സ്ഥലമില്ലാതെ കഴിക്കാന്‍ ഭക്ഷണമില്ലാതെ, ചികിത്സിക്കാന്‍ പണമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ വണ്ടിക്കൂലി കടം വാങ്ങി വരാന്‍ നില്‍ക്കുന്നവനോട് സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്ന ഒരു സര്‍ക്കാര്‍, ജനിച്ച മണ്ണില്‍ വരാന്‍, ജീവിക്കാന്‍ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്ന ആ ഗവര്‍മെന്റിനെ നയിക്കുന്നവരെ കുറിച്ചാണ് മുല്ലപ്പള്ളി പറഞ്ഞത്. അല്ലാതെ കേരളത്തിലെ ആരോഗ്യമന്ത്രിയുടെ സ്ത്രീത്വത്തെ അപമാനിച്ചതല്ല. ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ചെയ്യാതെ പി.ആര്‍. ഏജന്‍സി വഴി മാദ്ധ്യമങ്ങളിലൂടെ രാജ്യാന്തര സര്‍ട്ടിഫിക്കറ്റിനായി ഓടുന്ന ദയനീയ സാഹചര്യത്തെയായിരിക്കും അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ആരോഗ്യമന്ത്രിയുടെ ബഞ്ച് മാര്‍ക്ക് ഉയര്‍ത്തുവാന്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ ഉദാഹരണം: ഓഗ് മാഗസീന്‍, അല്‍ ജസീറ, അമേരിക്കന്‍ പത്രമായ വാഷിംടണ്‍ പോസ്റ്റ് , ഫ്രാന്‍സിലെ പത്രമായ ദ മോര്‍ണിംഗ് പോസ്റ്റ് ബ്രിട്ടണിലെ ദ ഗാര്‍ഡിയന്‍ എന്നീ പത്രങ്ങളെക്കൊണ്ട് ആരോഗ്യമന്ത്രി ആരോഗ്യപരിപാലനരംഗത്ത് മുന്നില്‍ നില്‍ക്കുന്നു എന്ന് കോളങ്ങള്‍ എഴുതിയതു കൊണ്ട് കേരളത്തിലെ സാധാരണക്കാരന് ചികിത്സ ലഭ്യമാകുമെന്ന് കരുതിയതിനെതിരായാണ് ആരോപണം ഉന്നയിച്ചത്. തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അസഹിഷ്ണുത കാണിക്കുന്നവര്‍ ഭരണകുടങ്ങളുടെ തലപ്പത്ത് ഇരിക്കുന്നത് നന്നാവില്ല.

സ്ത്രീത്വത്തിന്റെ മഹത്വത്തെ കുറിച്ചും സ്ത്രീ സംരക്ഷണത്തിനെ കുറിച്ചും പറയാന്‍ നിങ്ങള്‍ക്കൊക്കെ എന്തവകാശമാണ് ഉള്ളത്. പാര്‍ട്ടിക്കുള്ളിലെ മാന്യ സഹോദരിമാരുടെ മാനത്തിന് വിലപറയുന്ന നിങ്ങള്‍, സ്വന്തം അന്വേഷണകമ്മീഷനും, പാര്‍ട്ടി പോലീസ് സ്റ്റേഷനും, കോടതിയും വച്ച് ഭാരതസ്ത്രീയുടെ ഭാവശുദ്ധിയെ അളന്ന് തുക്കി വെച്ചുവാണിഭം നടത്തുന്ന നിങ്ങള്‍ക്കെങ്ങനെ സ്ത്രീത്വത്തെ കുറിച്ച് പറയാന്‍ അവകാശം. സ്ത്രീകളെ ബഹുമാനിക്കാത്ത നിങ്ങള്‍ പരാതിക്കാരിയായ ഏതു സ്ത്രീയുടെ മാനത്തിനാണ് പാര്‍ട്ടികോടതിയും കമ്മീഷനും വിലനല്‍കിയിട്ടുള്ളത്.

കഴിഞ്ഞ കുറെ നാൾ മുമ്പ് ഇടുക്കിയിൽ നിന്നും ജോലിക്ക് കൂലി ചോദിച്ച് സെക്രട്ടറിയേറ്റ്നു മുന്നിൽ സമരം നടത്തിയ പെമ്പിള ഒരുമൈ സഹോദരിമാർക്ക് രാത്രി ഇരുട്ടിൻറെ മറവിൽ എന്താണ് പണി എന്ന് ഗ്രാമീണ ഭാഷയിൽ ചോദിച്ച ഒരു മന്ത്രി, ലതികാ സുഭാഷിന് എതിരെ അസഭ്യവും അശ്ലീലവും കലർത്തി അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് നടത്തിയ പരാമർശം വന്നപ്പോഴും, കേരളത്തിലെ ജനകീയ മുഖം ഉള്ള ഒരു ജനപ്രതിനിധിയെ പാർട്ടി സെക്രട്ടറി പരനാറി എന്ന് വിളിച്ചപ്പോഴും, മതമേലധ്യക്ഷന്മാരെ നികൃഷ്ടജീവികൾ എന്ന് പറഞ്ഞപ്പോഴും, കേരളത്തിലെ പ്രതിപക്ഷ നേതാവിനെ പലപ്പോഴായി പുലഭ്യം പറഞ്ഞപ്പോഴും, സ്വാതന്ത്ര്യസമര സേനാനിയായ മുല്ലപ്പള്ളി രാമചന്ദ്രന്റെ അന്തരിച്ച പിതാവിനെ അധിക്ഷേപിച്ചപ്പോഴും, മാതൃഭൂമി ദിനപത്രത്തിലെ എഡിറ്റർ ഗോപാലകൃഷ്ണനെ എടാ ഗോപാലകൃഷ്ണ എന്ന് വിളിച്ച് അധിക്ഷേപിച്ചപ്പോഴും, ഉയരാത്ത ആരവങ്ങളും, ആരോപണങ്ങളും, ആവേശങ്ങളും, പ്രകടനങ്ങളും ഒന്നും ഈ വിഷയത്തിലും ഉയരേണ്ട ആവശ്യമില്ല. ഇവരൊക്കെ ഇന്നലെ മുല്ലപ്പള്ളി പറഞ്ഞ പോലെ സഭ്യമായല്ല, പകരം നിലവാരം കുറഞ്ഞ പദങ്ങൾ ഉപയോഗിച്ച് ഭരണിപ്പാട്ട് പാടിയപ്പോൾ, ആ പാടിയവർ ഉന്നത ശ്രേണിയിലെ കസേരയിൽ നിന്നും താഴെയിറങ്ങി നിന്നാണോ അത് പറഞ്ഞതെന്ന് വിമർശിച്ചവർ ചിന്തിക്കണം. റാണി രാജകുമാരി എന്നീ പദങ്ങൾ തെറ്റാണെന്ന് ചൂണ്ടി കാണിച്ചവർ, തരംതാണ പ്രസ്ഥാവനകൾ എതിരാളികൾക്ക് നേരെ മറ്റുള്ളവർ ഉയർത്തിയപ്പോൾ മൗനത്തിൽ കഴിഞ്ഞവർ ആരെയോ സംരക്ഷിക്കാൻ നടത്തുന്ന ഒരു ചവിട്ടുനാടകത്തിന്റെ വേഷപ്പകർച്ച ഇവിടെ കാണുന്നുണ്ട്.

കെ.പി അനിൽ കുമാർ
കെപിസിസി ജനറൽ സെക്രട്ടറി