കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ നീളം കുറയ്ക്കില്ല; എംപിമാരുടെ സംഘത്തിന് വ്യോമയാനമന്ത്രിയുടെ ഉറപ്പ്

Jaihind Webdesk
Friday, February 4, 2022

ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ നീളം കുറക്കുന്ന നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം.പിമാരുടെ സംഘത്തെ അറിയിച്ചു.

എം.പിമാരായ ഡോ. അബ്ദുസ്സമദ്‌ സമദാനി, എം.കെ രാഘവൻ, ഇ.ടി മുഹമ്മദ്‌ ബഷീർ, പിവി അബ്ദുൾ വഹാബ്, വി.കെ. ശ്രീകണ്ഠൻ, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയെ കണ്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി  വി മുരളീധരനൊപ്പമാണ് എംപിമാരുടെ സംഘം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സന്ദർശിച്ചത്. കേരളത്തിലെ 20 എം.പിമാര്‍ ഒപ്പുവെച്ച വിശദമായ പ്രതിഷേധ കുറിപ്പ് വ്യോമയാന മന്ത്രിക്ക് കൈമാറി. അടിയന്തരമായി നടപടി നിർത്തിവെക്കണമെന്നും റൺവേ വെട്ടികുറക്കാനുള്ള നീക്കത്തിന്‌ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹമൊന്നടങ്കം എതിരാണെന്നും സംഘം വ്യക്തമാക്കി.

റൺവേ നീളം കുറക്കുന്നത് സുരക്ഷ വർദ്ധിപ്പിക്കുകയല്ല ഓപ്പറേഷൻ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്. ഇത്തരം നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നതിനു പകരം EMAS സ്ഥാപിച്ച് പൂര്‍ണമായ സുരക്ഷ ഉറപ്പു വരുത്തുകയോ റെസ റൺവേക്ക് പുറത്തേക്ക് നീട്ടാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണമെന്നും മന്ത്രിയോട് പറഞ്ഞു.

ചെലവ് കുറഞ്ഞ മാര്‍ഗത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് പകരം ഭീമമായ സാമ്പത്തികം ചെലവഴിച്ചു സുരക്ഷ കുറക്കുന്ന നടപടി വ്യോമയാന വകുപ്പിന് തന്നെ നാണക്കേടും തെറ്റായ നടപടിയുമാണെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തി.

മംഗലാപുരത്ത് റണ്‍വേക്ക് പുറത്ത് റെസ നീളം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. കോഴിക്കോട് റണ്‍വേ നീളം കുറച്ചു മാത്രമേ റെസ വര്‍ദ്ധിപ്പിക്കൂ എന്ന സമീപനം ദുരുദ്ദേശപരമാണ്. വലിയ വിമാനങ്ങളുടെ സര്‍വീസും ഹജ്ജ് എമ്പാര്‍ക്കെഷന്‍ പോയിന്റും എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന, വിമാനത്താവളത്തെ തകര്‍ക്കുന്ന നീക്കത്തില്‍ നിന്നും ഉടനെ പിന്മാറണമെന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ച് റെസ റണ്‍വേക്ക് പുറത്തേക്ക് എര്‍ത്ത് ഫില്ല് ചെയ്തു നീട്ടാന്‍ ഉള്ള നിര്‍ദേശം ഉടനെ നല്‍കണമെന്നും മന്ത്രിയോട് പറഞ്ഞു.

അട്ടിമറി നീക്കങ്ങളുമായി മുന്നോട്ട് പോയാൽ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്നു വ്യോമയാന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത്തരം നടപടികള്‍ ഉണ്ടാകില്ലെന്ന് മന്ത്രി, വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസൽ, ജോയിന്റ് സെക്രട്ടറി എസ്.കെ മിശ്ര, എയർപ്പോർ അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ സഞ്ജീവ് കുമാർ, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അരുൺ കുമാർ, വ്യോമയാനമന്ത്രിയുടെ പി.എസ് അജയ് യാദവ് എന്നീ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എം.പിമാരുടെ സംഘത്തെ അറിയിച്ചു.