കൊവിഡ്-19: കണ്ണൂരില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 7,909 പേർ

Jaihind News Bureau
Thursday, March 26, 2020

കണ്ണൂർ : കൊവിഡ്-19 ലോക്ക്ഡൗൺ നിർദേശം ലംഘിച്ചതിന് കണ്ണൂരിൽ 132 കേസുകൾ രജിസ്റ്റർ ചെയ്തു. 138 പേർക്കെതിരെ കേസെടുത്തു. വിലക്ക് ലംഘിച്ചതിന് നൂറ് പേരെ അറസ്റ്റ് ചെയ്തു. 34 വാഹനങ്ങൾ പിടിച്ചെടുത്തു. വാഹനങ്ങളുമായി നിരത്തിൽ ഇറങ്ങുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളേക്കാൾ വർധിച്ചതിനാൽ പൊലീസ് നടപടിയും കർശനമാക്കിട്ടുണ്ട്.

കൊറോണ ബാധ സംശയിച്ച് കണ്ണൂർ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 7,909 ആയി. 81 പേർ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 41 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ 14 പേരും ജില്ലാ ആശുപത്രിയില്‍ 26 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്ന് 240 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 154 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ അഞ്ച് എണ്ണം പോസിറ്റീവും ബാക്കി നെഗറ്റീവുമാണ്. 86 എണ്ണത്തില്‍ ഫലം ലഭിക്കാനുണ്ട്.

ഇതുവരെ ജില്ലക്കാരായ 16 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.  പരിശോധനാ ഫലം പോസിറ്റീവായ 16 ല്‍ 15 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തുടര്‍ഫലങ്ങള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാള്‍ നേരത്തേ ആശുപത്രി വിട്ടിരുന്നു.

teevandi enkile ennodu para