സ്വര്‍ണ്ണക്കടത്ത്: കൊടുവള്ളി സംഘം എം.വി ജയരാജനെ സമീപിച്ചു; കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ കുരുക്കിലാക്കുന്ന ശബ്ദസന്ദേശം പുറത്ത്

Jaihind Webdesk
Saturday, June 26, 2021

സൈബർ സഖാക്കളുടെ സ്വർണ്ണക്കടത്ത് കുഴല്‍പ്പണ ക്വട്ടേഷനില്‍ പണം നഷ്ടപ്പെട്ടവര്‍ സഹായം തേടി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സമീപിച്ചതിന്‍റെ തെളിവുകൾ പുറത്ത്. അർജുൻ ആയങ്കിയുടെ നേതൃത്വത്തിലുള്ള സംഘം സ്വർണ്ണം തട്ടിയെടുത്തതിനെ തുടർന്നാണ് നഷ്ടപ്പെട്ടവർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി എം.വി ജയരാജനെ സന്ദർശിച്ചത്. പണം നഷ്ടപ്പെട്ടവര്‍ തമ്മിലുള്ള വാട്സ് ആപ്പ് ശബ്ദ സന്ദേശത്തിലാണ് എം.വി ജയരാജനെ കണ്ടതായി പറയുന്നത്.

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണി അര്‍ജുന്‍ ആയങ്കിയും ഉള്‍പ്പെടുന്ന സംഘം സ്വർണ്ണം തട്ടിയത് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന് അറിയാമായിരുന്നു എന്നതിന്‍റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. സ്വർണ്ണം നഷ്ടപ്പെട്ട കൊടുവള്ളിയില്‍ നിന്നുള്ള സംഘം അതിന്‍റെ പണം തിരികെ ലഭിക്കാന്‍ മൂന്നു മാസം മുമ്പ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ജയരാജന്‍റെ സഹായം തേടിയിരുന്നു എന്നതിന്‍റെ തെളിവുകളാണ് പുറത്തുവരുന്നത്.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വിതരണം ചെയ്യേണ്ട അമ്പത് ലക്ഷം രൂപയുടെ സ്വർണ്ണം അർജുൻ ആയങ്കിയുടെ സംഘം തട്ടിയെടുത്ത സംഭവത്തിലാണ് കോഴിക്കോട് നിന്നുള്ള സംഘം ജയരാജനെ സന്ദര്‍ശിച്ചത്. അര്‍ജുന്‍ ആയങ്കിയുടെ സംഘത്തില്‍ ഉള്‍പ്പെട്ട സഹകരണ ബാങ്ക് ജീവനക്കാരനാണ് 50 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മുങ്ങിയത്. ലക്ഷ്യസ്ഥാനത്ത് പണം എത്താത്തതിനാല്‍ ബന്ധപ്പെട്ടപ്പോള്‍ പ്രതികരണങ്ങളൊന്നുമുണ്ടായില്ല. നിരന്തരം ഫോണില്‍ വിളിച്ചപ്പോള്‍ പിന്നീട് ആകാശ് തില്ലങ്കേരി ഫോണെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് സംഘം അഴീക്കോടന്‍ മന്ദിരത്തിലെത്തി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനെ നേരില്‍ കണ്ടത്. ഈ സമയം അവിടെയുണ്ടായിരുന്ന എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റിനെ ജയരാജന്‍ വിളിക്കുകയും മൊബൈല്‍ ഫോണില്‍ സംഘം കാണിച്ച വ്യക്തിയെ തിരിച്ചറിയുകയും ചെയ്തിരുന്നു.

‘അവര്‍ വീണ്ടും ഏര്‍പ്പാട് തുടങ്ങിയോ’ എന്ന മറുപടിയാണ് ജയരാജനില്‍ നിന്ന് ലഭിച്ചതെന്ന് കുഴല്‍പ്പണ ഇടപാട് സംഘത്തിന്‍റെ വാട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു. അർജുൻ
ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കും സ്വർണ്ണക്കടത്തും, കുഴൽപ്പണ ഇടപാടുമായി ബന്ധമുണ്ടെന്ന കാര്യം സിപിഎം ജില്ലാ സെക്രട്ടറിക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് ഈ ശബ്ദ സന്ദേശത്തിലൂടെ വ്യക്തമാകുന്നത്. ഇതിനെ തുടർന്നാണ് രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ പേര് പുറത്തുവന്നതിനു പിന്നാലെ തള്ളിപ്പറയാന്‍ സിപിഎം തയാറായത്.