കുഴല്‍പ്പണക്കേസ് സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ; അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും

Jaihind Webdesk
Monday, June 7, 2021

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസ് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും. ഷാഫി പറമ്പില്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കുക.

അതിനിടെ കേസില്‍ ബിജെപി ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. കവർച്ചക്ക് ശേഷം ഏഴ് ബിജപി നേതാക്കളെ ധർമരാജൻ ഫോണില്‍ വിളിച്ചതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു. കെ.സുരേന്ദ്രന്റെ മകനുമായും ഫോണിൽ സംസാരിച്ചിട്ടുണ്ട്.

ഏപ്രിൽ 3 ന് പുലർച്ചെ 4.40 ന് ദേശീയ പാതയിലെ കൊടകരയിൽ വെച്ചാണ് പണം കവർച്ച ചെയ്യപ്പെടുന്നത്. ഉടൻ തന്നെ ധർമരാജൻ വിളിച്ച ബിജെപി സംസ്ഥാന സെക്രട്ടറി ഫോൺ എടുത്തിട്ടില്ല. തുടർന്നാണ് മറ്റ് നേതാക്കളെ ബന്ധപ്പെടുന്നത്. ഏഴു നേതാക്കളുമായി സംസാരിച്ചു. കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനെയും വിളിച്ചു. ഹരികൃഷ്ണന്റെ നമ്പറിൽ 24 സെക്കന്റാണ് സംഭാഷണം നീണ്ടു നിന്നത്. മറ്റ് നേതാക്കളുമായും 30 സെക്കന്റിനടുത്ത് സംസാരിച്ചു. പണം നഷ്ടപ്പെട്ട കാര്യം വിളിച്ചറിയിക്കുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തം.

ധർമ്മരാജനുമായി സംഘടനാ ബന്ധം മാത്രമേയുള്ളൂ എന്നാണ് ബിജെപി നേതാക്കൾ എല്ലാം ഒരേ രീതിയിൽ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനാണ് ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും നേതാക്കൾ ആവർത്തിച്ചിരുന്നു. എന്നാൽ പണം നഷ്ടപ്പെട്ട ഏപ്രിൽ 3 ന് പുലർച്ചെ ധർമ്മരാജൻ ഫോണിൽ ബന്ധപ്പെട്ടതിന് കെ.സുരേന്ദ്രന്റെ മകൻ അടക്കം വിശദീകരണം നൽകേണ്ടി വരും. പണം കോന്നിയിലേക്ക് കൊണ്ടു പോവുകയായിരുന്നു എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. എന്തായാലും മകനെ ചോദ്യം ചെയ്ത ശേഷം കെ.സുരേന്ദ്രന് നോട്ടീസ് നൽകി വിളിച്ചു വരുത്താനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്.