ബിജെപിയുടെ പങ്കും സുരേന്ദ്രന്‍റെ പേരും പിണറായി പറയുന്നില്ല ; കുഴല്‍പ്പണത്തില്‍ മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശന്‍

Jaihind Webdesk
Monday, June 7, 2021

തിരുവനന്തപുരം :  കുഴല്‍പ്പണക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസില്‍ ബിജെപിയുടെ പങ്കും സുരേന്ദ്രന്റെ പേരും മുഖ്യമന്ത്രി പറയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേസ് എന്തുകൊണ്ട് ആദായനികുതി വകുപ്പിനെ ഏല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഒന്‍പതര കോടി കൊണ്ടുവന്നെന്ന് പൊലീസ് പറയുന്നു. ഇതിൽ എത്ര കോടി പിടിച്ചെടുത്തിട്ടുണ്ട്. ഏഴുസീറ്റില്‍ ബിജെപിയെ ജയിപ്പിക്കാമെന്ന് ധാരണയുണ്ടായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ചോദ്യംചെയ്യാന്‍ പോകുന്നവരുടെ പട്ടിക പാര്‍ട്ടി പത്രത്തിലാണ് വരുന്നത്. ഇത് ബിജെപിയെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലല്ല. കേന്ദ്ര അജന്‍സികളുടെ അന്വേഷണം സര്‍ക്കസിലെ തല്ല് പോലെ അവസാനിച്ചു. കള്ളപ്പണക്കേസ് അന്വേഷണം അതുപോലെ ആകരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.