നാടാര്‍ സമുദായത്തിന് ആനുകൂല്യങ്ങള്‍ ലഭിച്ചത് യു.ഡി.എഫ് ഭരണകാലത്ത്

Jaihind Webdesk
Friday, October 18, 2019

തിരുവനന്തപുരം: കേരളത്തില്‍ നാടാര്‍ സമുദായത്തിന് വിദ്യാഭ്യാസ ഫീസാനുകൂല്യം, വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ്, ഉദ്യോഗ നിയമനങ്ങളില്‍ സംവരണം വര്‍ദ്ധിപ്പിക്കുക, പനകയറ്റ തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെ സാമൂഹിക ഉന്നമനത്തിനുവേണ്ടി കെല്‍പാം രൂപീകരണം, കുഞ്ഞുകൃഷ്ണന്‍ നാടാര്‍ സ്മാരകത്തിനുവേണ്ടി വഴുതയ്ക്കാട് 19 സെന്റ് സ്ഥലം, സത്യന്‍ സ്മാരകത്തിനുവേണ്ടി 20 സെന്റ് സ്ഥലം തുടങ്ങിയ ആനൂകൂല്യങ്ങള്‍ ലഭിച്ചത് യു.ഡി.എഫ് ഭരണകാലത്താണെന്ന് കേരള നാടാര്‍ മഹാജനസംഘം സംസ്ഥാന പ്രസിഡന്റ് ഡോ. ഡി. ദേവപ്രസാദ് പറഞ്ഞു. തിരുവനന്തപുരം താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദായത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും മതപരിഗണന കൂടാതെ സംവരണം ലഭിക്കുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമിച്ച ഹരിഹരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടും നാളിതുവരെ ഇടത് സർക്കാർ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പേരൂര്‍ക്കട ചന്ദ്രന്‍ അധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ.ഡി. ദേവപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.സി. രാജന്‍ നാടാര്‍, പാറശ്ശാല കൃഷ്ണന്‍കുട്ടി, ഒ. വിജയന്‍, ലോറന്‍സ്, ജയകുമാര്‍, സി. ആല്‍ബര്‍ട്ട്, ജയകുമാര്‍, രാജപ്പന്‍ നാടാര്‍, അഡ്വ. കോശി, വി. സാംരാജ്, ജയരാജ്, ചന്ദ്രന്‍ വൈദ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.