ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് ജയം

Sunday, May 5, 2019

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റ് ജയം. ചെന്നൈ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടക്കുകയായിരുന്നു. സ്‌കോര്‍- ചെന്നൈ സൂപ്പര്‍ കിങ്സ് 170/5 (20 ഓവര്‍), കിങ്സ് ഇലവന്‍ പഞ്ചാബ് 173/4 (18 ഓവര്‍).

36 പന്തില്‍ നിന്നും 71 റണ്‍സ് അടിച്ചു കൂട്ടിയ ലോകേഷ് രാഹുലിന്റെ ബാറ്റിങാണ് പഞ്ചാബിനെ വിജയത്തിലേക്കെത്തിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ രാഹുലും ക്രിസ് ഗെയിലും (28) ചേര്‍ന്ന് 108 റണ്‍സ് നേടി. മായങ്ക് അഗര്‍വാള്‍ 7 റണ്‍സും നിക്കോളാസ് 36 റണ്‍സുമെടുത്ത് പുറത്തായി.

മന്‍ദീപ് സിങ്(11) സാം കറന്‍ (6) എന്നിവര്‍ ചേര്‍ന്നാണ് പഞ്ചാബിനെ വിജയലക്ഷ്യം കടത്തിയത്. ചെന്നൈയ്ക്കു വേണ്ടി ഹര്‍ഭജന്‍ സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി.പഞ്ചാബിനോട് പരാജയപ്പെട്ടെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ചെന്നൈയ്ക്കെതിരായ ജയത്തോടെ പഞ്ചാബ് ആറാം സ്ഥാനത്തേക്കുയര്‍ന്നു.