രാജസ്ഥാൻ റോയൽസിനെതിരേ കിങ്സ് ഇലവൻ പഞ്ചാബിന് 14 റൺസിന്‍റെ ജയം

Jaihind Webdesk
Tuesday, March 26, 2019

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരേ കിങ്സ് ഇലവൻ പഞ്ചാബിന് 14 റൺസിന്‍റെ ജയം. ബാറ്റുകൊണ്ടും പന്ത് കൊണ്ടും പഞ്ചാബ് നടത്തിയ മികച്ച പ്രകടനമായിരുന്നു പഞ്ചാബിനെ ജയത്തിലേക്ക് നയിച്ചത്. അതേ സമയം വിൻഡീസ് താരം ക്രിസ് ഗെയിൽ ഐ.പി.എല്ലിൽ 4000 ക്ലബിലെത്തി. ഐപിഎലിൽ ഈ നേട്ടം കുറിയ്ക്കുന്ന ഒൻപതാമത്തെ താരമാണ് ഗെയിൽ.

ക്രിസ് ഗെയിലിന്റെയും സർഫ്രാസ് ഖാന്റെയും തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ 20 ഓവറിൽ നാലു വിക്കറ്റിന് പഞ്ചാബ് 184 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്താന് നിശ്ചിത ഓവറിൽ 170 റൺസെടുക്കാനേ കഴിഞ്ഞുള്ളു. രാജസ്ഥാൻ റോയൽസിന് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ജോസ് ബട്ലറും മികച്ച തുടക്കമാണ് നൽകിയത്. പക്ഷെ ജയമെന്ന ലക്ഷ്യത്തിലെത്താൻ ടീമിന് കഴിഞ്ഞില്ല. ജോസ് ബട്ലറുടെ ഉജ്ജ്വല ബാറ്റിങ് റോയൽസിന് മികച്ച അടിത്തറ നൽകി. രണ്ടു സിക്സറും 10 ഫോറുകളും ഉൾപ്പടെ 43 പന്തിൽ 69 റൺസാണ് ബട്ട്ലർ നേടിയത്. സഞ്ജു സാംസൺ 30 റൺസ് സ്വന്തമാക്കി.

ടോസ് ലഭിച്ച രാജസ്ഥാൻ റോയൽസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. കിങ്സ് ഇലവനു വേണ്ടി ഇന്നിങ്സ് ഓപൺ ചെയ്ത ലോകേഷ് രാഹുലിന് അധികം ആയുസ്സുണ്ടായില്ല. നാലാമത്തെ പന്തിൽ രാഹുലിനെ ബട്ട്ലറുടെ കൈയിലെത്തിച്ച് ധവാൽ കുൽക്കർണി ഞെട്ടിച്ചു. എന്നാൽ സർഫ്രാസ് ഖാനെ കൂട്ടുപിടിച്ച് ഗെയിൽ തന്‍റെ വിശ്വരൂപം കാട്ടിത്തുടങ്ങി. ഉനദ്കട്ടിന്റെ 11ാം ഓവറിൽ മൂന്നു ഫോറും ഒരു സിക്സറും പറത്തി ഗെയിൽ ടീമിനെ കളിയിലേക്കു കൊണ്ടുവന്നു.

ഗൗതമിനെ തുടരെ ബൗണ്ടറി കടത്തിയ സർഫ്രാസ് ഖാനും ഫോമിലേക്കുയർന്നു. 47 പന്തിൽ നാലു കൂറ്റൻ സിക്സറുകളും എട്ടു ബൗണ്ടറികളുമടങ്ങിയതായിരുന്നു ഗെയിലിന്റെ ഇന്നിങ്സ്. മത്സരത്തോടെ വിൻഡീസ് താരം ഐ.പി.എല്ലിൽ 4000 ക്ലബിലെത്തി. ആറു റൺസ് നേടിയപ്പോഴായിരുന്നു ഗെയിൽ നേട്ടം സ്വന്തമാക്കിയത്. ഐ.പി.എലിൽ ഈ നേട്ടം കുറിയ്ക്കുന്ന ഒൻപതാമത്തെ താരമാണ് ക്രിസ് ഗെയിൽ. വിദേശ താരങ്ങളിൽ രണ്ടാമത്തെയാളുമാണ് ഗെയിൽ. ഡേവിഡ് വാർണർ ആണ് ഇതിനു മുൻപ് 4000 റൺസ് തികച്ച വിദേശ താരം.
ഏറ്റവും കുറച്ച് ഇന്നിങ്സിൽ നാലായിരം റൺസ് തികച്ച താരമാണ് ക്രിസ് ഗെയിൽ. 112 ഇന്നിങ്സാണ് ഗെയിൽ ഇതിനായി എടുത്തത്. അതേ സമയം ഡേവിഡ് വാർണർ 114 ഇന്നിങ്സിലും വിരാട് കോഹ്ലി 128 ഇന്നിങ്സിലുമാണ് നേട്ടം കൊയ്തത്. സുരേഷ് റെയ്ന ഗൗതം ഗംഭീർ എന്നിവർ 140 ഇന്നിങ്സുകളിൽ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.