കിഫ്ബിയില്‍ സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം സർക്കാരിന് ; ഐസക്കിന്‍റെ വാദം പൊളിച്ച് വിവരാവകാശരേഖ

 

തിരുവനന്തപുരം: കിഫ്ബിയില്‍ ധനമന്ത്രി തോമസ് ഐസക്കിന്‍റെ വാദം പൊളിയുന്നു. പദ്ധതികളുടെ സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനെന്ന് വ്യക്തമാക്കി വിവരാവകാശ രേഖ. ലഭ്യമാകുന്ന ഫണ്ടില്‍ കുറവുണ്ടായാല്‍ പരിഹരിക്കേണ്ടത് സര്‍ക്കാര്‍.

കിഫ്ബി നിയമപ്രകാരം നികുതി വിഹിതം നല്‍കാനുള്ള ബാധ്യത മാത്രമേ സര്‍ക്കാരിനുള്ളുവെന്നായിരുന്നു ധനമന്ത്രിയുടെ വാദം. എന്നാല്‍ കിഫ്ബിയെടുക്കുന്ന വായ്പകളുടെ തിരിച്ചടവിന്റെ കാര്യത്തില്‍ ഭാവിയില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പരിഹാരം കാണുകയെന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം എന്നതാണ് വിശദീകരണം. സംസ്ഥാനത്തെ മോട്ടോര്‍ വാഹന നികുതിയുടെ അന്‍പത് ശതമാനവും, പെട്രോളിയം ഉല്‍പന്നങ്ങളുടെ സെസില്‍ നിന്നുള്ള വരുമാനം മുഴുവനും കിഫ്ബിക്ക് നല്‍കാനാണ് വ്യവസ്ഥ. വായ്പാ തിരിച്ചടവിന് ഈ വരുമാനം മതിയാകാതെ വന്നാല്‍ സര്‍ക്കാരാണ് പണം നല്‍കേണ്ടതെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കിഫ്ബി തന്നെ മറുപടി നല്‍കിയിരിക്കുന്നു.

അതേസമയം കിഫ്ബിക്കെതിരായ സി.എ.ജിയുടെ കരട് റിപ്പോര്‍ട്ട ചോര്‍ത്തിയ ധനമന്ത്രിയുടെ നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മാനദണ്ഡങ്ങള്‍ ലംഘിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ രാഷ്ട്രപതിക്ക് പരാതി നല്‍കാനും പ്രതിപക്ഷം തയ്യാറെടുക്കുന്നു. റിപ്പോര്‍ട്ട് പുറത്ത് വിട്ടത് ഗുരുതരമായ ചട്ടലംഘനമെന്നാണ് വിലയിരുത്തല്‍. രാഷ്ട്രപതിക്ക് പരാതി നല്‍കാന്‍ പ്രതിപക്ഷം നിയമവിദഗ്ധരുമായി കൂടിയാലോചന തുടങ്ങി.

Comments (0)
Add Comment