മോചനദ്രവ്യം നല്‍കിയിട്ടും തട്ടിക്കൊണ്ടുപോയ ആറു വയസ്സുള്ള ഇരട്ടകുട്ടികളെ വധിച്ചു

Jaihind News Bureau
Monday, February 25, 2019

ഭോപാല്‍: തട്ടിക്കൊണ്ടുപോയ ആറു വയസ്സുള്ള ഇരട്ട സഹോദരങ്ങളുടെ മൃതദേഹം യുപിയിലെ യമുനാനദിയില്‍ നിന്ന് കണ്ടെത്തി. മധ്യപ്രദേശിലെ ചിത്രക്കൂടിലാണ് സംഭവം. ചിത്രക്കൂട് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആറു വയസ്സുള്ള ശ്രേയാംശ്, പ്രിയാംശ് എന്നിവരുടെ മൃതദേഹമാണ് യമുനാനദിയില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. കുട്ടികളെ വിട്ടുകിട്ടാന്‍ 20 ലക്ഷം രൂപ കൈമാറിയിരുന്നു.  മധ്യപ്രദേശിലെ ബിസിനസ്സുകാരനായ ബ്രിജേഷ് റാവത്തിന്റെ മക്കളാണ് കൊല്ലപ്പെട്ട കുട്ടികള്‍. സംഭവത്തില്‍ ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പണത്തിന് വേണ്ടിയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. കുട്ടികളുടെ മൃതദേഹം കെട്ടിയിട്ട നിലയാണ് നദിയില്‍ നിന്ന് കണ്ടെത്തിയത്.
ഫെബ്രുവരി 12നാണ് ആറു വയസ്സുകാരായ ഇരട്ട സഹോദരങ്ങളെ സ്‌കൂള്‍ ബസില്‍ നിന്ന് രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയത്.  വീട്ടില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള നഴ്‌സറിയില്‍നിന്ന് തിരികെ വരുന്നവഴി ചിത്രക്കൂടില്‍വെച്ചാണ് ബൈക്കില്‍ മുഖം മറച്ചെത്തിയ രണ്ടുപേര്‍ തോക്കൂചൂണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോയത്. കുട്ടികളുടെ മരണത്തെ തുടര്‍ന്ന് ചിത്രക്കൂട് മേഖലയിലെ കടകളടച്ച് വ്യാപാരികള്‍ പ്രതിഷേധിച്ചു.
ചിലയിടങ്ങളില്‍ ടയര്‍ കത്തിച്ചും സ്വകാര്യ വസ്തുക്കള്‍ നശിപ്പിച്ചും ജനങ്ങള്‍ പ്രതിഷേധിച്ചു.
പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രക്കൂട് മേഖലയില്‍ പ്രത്യേക പോലീസ് സംഘത്തെ വിന്യസിച്ചതായി പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ കുട്ടികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മധ്യപ്രദേശ് പോലീസ് 50,000 രൂപ വാഗ്ദാനം ചെയ്തിരുന്നു.
സംഭവത്തിന്റെ പ്രധാന സൂത്രധാരന്‍ എന്നു കരുതുന്ന, കുട്ടികളുടെ ട്യൂഷന്‍ അധ്യാപകന്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റിലായി. കൊലപാതകവിവരമറിഞ്ഞ് അക്രമാസക്തരായ ജനക്കൂട്ടം കുട്ടികള്‍ പഠിച്ചിരുന്ന സത്ഗുരു പബ്ലിക് സ്‌കൂളും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും ആക്രമിച്ചു.

കഴിഞ്ഞ 12 ന് ഉച്ചയ്ക്കാണ് സ്‌കൂളിനു സമീപത്തുനിന്നു മുഖംമൂടി ധരിച്ച് ബൈക്കില്‍ എത്തിയ രണ്ടുപേര്‍ തോക്കുചൂണ്ടി സ്‌കൂള്‍ ബസില്‍നിന്നു കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ബ്രിജേഷിന്റെ ഫോണില്‍ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. ചിത്രകൂട്, മധ്യപ്രദേശ്‌യുപി അതിര്‍ത്തിയിലായതിനാല്‍ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സംയുക്താന്വേഷണമാണു നടത്തിയത്. വിവരം നല്‍കുന്നവര്‍ക്ക് മധ്യപ്രദേശ് പൊലീസ് 50,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു.

ഇതിനിടെ 19 ന് ബ്രിജേഷ് മോചനദ്രവ്യമായി 20 ലക്ഷം രൂപ അക്രമികള്‍ക്കു കൈമാറി. എന്നാല്‍ ഒരു കോടി വേണമെന്ന പുതിയ ആവശ്യം മുന്നോട്ടു വച്ചതല്ലാത്തെ കുട്ടികളെ വിട്ടുനല്‍കിയില്ല. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് 4 പേര്‍ പിടിയിലായി. ഇവരില്‍നിന്നു ലഭിച്ച വിവരം അനുസരിച്ചു പുഴയില്‍ തിരച്ചില്‍ നടത്തിയപ്പോഴാണു മൃതദേഹങ്ങള്‍ ലഭിച്ചത്.

കൈകാലുകള്‍ ബന്ധിച്ച ശേഷം കുട്ടികളെ പുഴയില്‍ എറിയുകയായിരുന്നുവെന്ന് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു. അക്രമികളെ കുട്ടികള്‍ തിരിച്ചറിഞ്ഞതാണ് കൊലപ്പെടുത്താന്‍ കാരണമെന്നാണു സൂചന.