സംസ്ഥാനത്ത് കൊടുംചൂട് തുടരും; ഉഷ്ണതരംഗത്തിന് സാധ്യത, കര്‍ശന ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് കടുത്ത ചൂട് ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കൊടുംചൂടിൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. മലപ്പുറം നിലമ്പൂർ എടവണ്ണയിൽ യുവാവിന് സൂര്യാഘാതമേറ്റു. അടുത്ത മൂന്ന് ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിരുന്നു. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് ദുരന്ത നിവാരണ സമിതിയും നിർദേശിച്ചിട്ടുണ്ട്. ഇതിനിടെയാണ് കൊടുംചൂടിൽ കുട്ടികൾക്ക് പ്രയാസമുണ്ടാക്കുന്ന വിധത്തിൽ യൂണിഫോം നിർബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയത്. ഇറുകിയ യൂണിഫോം, സോക്‌സ്, ഷൂസ്, ടൈ തുടങ്ങിവ ധരിക്കാന്‍ സ്‌കൂൾ അധികൃതർ നിർബന്ധിക്കാൻ പാടില്ലെന്ന് കമ്മീഷൻ ചെയർപേഴ്‌സൺ വ്യക്തമാക്കി.

സി.ബി.എസ്.ഇ സ്‌കൂളുകളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ പരീക്ഷയ്ക്കിരിക്കുന്ന കുട്ടികൾക്ക് കുടിക്കാൻ വെള്ളവും ഇടക്ക് ആവശ്യമെങ്കിൽ ഇൻവിജിലേറ്ററുടെ നിരീക്ഷണത്തിൽ പ്രാഥമിക സൗകര്യവും ഒരുക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. അമിതമായ ക്ഷീണം, പനി എന്നിവക്ക് അടിയന്തര ചികിത്സ നൽകാൻ മുൻകരുതൽ സ്വീകരിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി. എടവണ്ണ പി.സി കോളനിയിലെ ഏലംകുളവൻ അബ്ബാസിനാണ് പൊള്ളലേറ്റത്. കോഴിക്കോട് ജില്ലയിൽ ഉഷ്ണ തരംഗ സാധ്യത പ്രഖ്യാപിച്ച സാഹചര്യത്തിൽ കോർപറേഷൻ ജീവനക്കാരുടെ ജോലി സമയം പുനഃക്രമീകരിച്ചു.

വേനൽ കടുക്കുന്ന സാഹചര്യത്തിൽ കോളറ, ഡെങ്കിപ്പനി, ചിക്കൻപോക്‌സ് തുടങ്ങിയ പകർച്ച വ്യാധികൾ പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശരാശരി ഊഷ്മാവിനെക്കാൾ അഞ്ച് ഡിഗ്രി ഉയർന്ന അളവിൽ തുടർച്ചയായി അഞ്ചു ദിവസം ചൂട് അനുഭവപ്പെട്ടാൽ അതിനെ ഉഷ്ണ തരംഗമായി കണക്കാക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോടും പാലക്കാടും ഇത്തരത്തിൽ ചൂടും ആർദ്രത കൂടിയ കാലാവസ്ഥയും അനുഭവപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് നേരത്തേ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കൂടിയ താപനില 38 ഡിഗ്രി വരെയായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

keralaheat wavesummer
Comments (0)
Add Comment