സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ഇടിമിന്നലിനും സാധ്യത ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Jaihind News Bureau
Wednesday, October 14, 2020

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരാന്‍ സാധ്യത. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര മേഖലയിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദ്ദം ആന്ധ്രാ തീരം വഴി കരയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് മഴക്ക് ശക്തി പ്രാപിച്ചരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്.