ജലപീരങ്കിയിലും ഒതുങ്ങുന്നില്ല; കാപ്‌സിയം സ്പ്രേ അഥവാ പെപ്പര്‍ സ്‌പ്രേയുമായി കേരള പോലീസ്

Jaihind Webdesk
Wednesday, November 13, 2019

തിരുവനന്തപുരം: സമരങ്ങളെ അടിച്ചൊതുക്കാന്‍ ജലപീരങ്കിയും മതിയാകാതെ കേരള പോലീസ്. കാപ്‌സിയം സ്‌പ്രേ അഥവാ പെപ്പര്‍ സ്‌പ്രേ വാങ്ങാന്‍ ടെണ്ടര്‍ ക്ഷ്ണിച്ചിരിക്കുകയാണ് കേരള പോലീസ് ഇപ്പോള്‍. അതി മാരക രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ കാപ്‌സിയം സ്‌പ്രേ സമരക്കാര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം പരിഗണിക്കാതെയാണ് കേരള പോലീസിന്റെ നീക്കം. ഏകാധിപത്യ സര്‍ക്കാരുകള്‍ സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിനും കൊടും ക്രിമിനലുകളെ നിയന്ത്രിക്കുന്നതിനുമാണ് മറ്റ് രാജ്യങ്ങളിലെ പോലീസ് ഇത്തരം സ്‌പ്രേകള്‍ ഉപയോഗിക്കുന്നത്. 50 മുതല്‍ 70 പേര്‍ വരെയുള്ള ഒരു ആള്‍ക്കൂട്ടത്തെ നേരിടാന്‍ ഒരു കുപ്പി സ്‌പ്രേ മതിയാകുമെന്നാണ് ഇത്തരം കമ്പനികള്‍ ചൂണ്ടികാട്ടുന്നത്. ഇത്തരം സ്‌പ്രേകള്‍ ജനങ്ങളുടെ കണ്ണുകളിലും മറ്റ് ദുര്‍ബല കോശങ്ങളിലും ഉപയോഗിച്ചാണ് അടിച്ചമര്‍ത്തുന്നത്. ഹോങ്കോങ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കാപ്സി സ്‌പ്രേ ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധം ശക്തവുമാണ്. ജലപീരങ്കിയെ അപേക്ഷിച്ച് കാപ്സി സ്‌പ്രേ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
സ്പ്രേയിലെ രാസവസ്തുക്കള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആസ്ത്മ രോഗികളെ ഇത്തരം സ്പ്രേകള്‍ പ്രതികൂലമായി ബാധിക്കും. കണ്ണ്, ചെവി, ശ്വാസന വ്യവസ്ഥ എന്നിവയെയും സ്പ്രേയിലെ രാസവസ്തുക്കള്‍ ബാധിക്കും.