ലൈഫ് മിഷൻ പദ്ധതിയില്‍ ദുരൂഹത വർദ്ധിക്കുന്നു; സർക്കാരിന്‍റെ അനുമതി 13കോടിക്ക്; റെഡ്ക്രസ്ന്‍റ് നൽകുന്നത് 20 കോടി

ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുള്ള ദുരൂഹത വർദ്ധിക്കുന്നു. റെഡ്ക്രസ്ന്‍റ് 20 കോടി നൽകിയ വിവാദ പദ്ധതിക്ക് നേരത്തെ സർക്കാർ 13കോടിക്ക് ഭരണാനുമതി നൽകിയെന്ന രേഖ പുറത്തുവന്നു. പദ്ധതിയില്‍, സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മീഷൻ വാങ്ങിയത് സംബന്ധിച്ച സർക്കാർ അന്വേഷണത്തിൽ മുഖ്യമന്ത്രി ഇതുവരെയും വ്യക്തമായ മറുപടി നൽകാൻ തയ്യാറായിട്ടില്ല.

ഇപ്പോൾ വിവാദമായ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് പദ്ധതിക്ക് 2019 ജൂണിലാണ് സർക്കാർ ഭരണാനുമതി നൽകിയത്. ലൈഫ് മിഷന് കീഴിലെ പദ്ധതിയിൽ പിന്നീട് യുഎഇ സന്നദ്ധ സംഘടനയായ എമിറേറ്റസ് റെഡ് ക്രസന്‍റ് സഹകരണം പ്രഖ്യാപിച്ചു. ഇതോടെ 13 കോടിയുടെ ഫ്ലാറ്റ് പദ്ധതി 20 കോടിയായി. പിന്നാലെ യുണിടെക്ക് എന്ന സ്ഥാപനത്തിന് നിർമ്മാണ ചുമതലയും നൽകി. ഇതുവഴിയാണ് സ്വപ്നക്ക് ഒരുകോടി രൂപ കമ്മീഷൻ കിട്ടുന്നത്.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിനുള്ള ബിൽഡിംഗ് പെർമിറ്റിൽ ലൈഫ് മിഷനാണ് നിർമ്മാണം നടത്തുന്നതെന്ന് വ്യക്തമാക്കുന്ന രേഖ അനിൽ അക്കര എംഎൽഎ നേരത്തെ പുറത്തുവിട്ടിരുന്നു. യു.എ ഇ സർക്കാരിന്‍റെ ചാരിറ്റി സ്ഥാപനമായ റെഡ് ക്രസന്‍റാണ് ഇവിടെ മുതൽമുടക്കിയത്. യൂണിടാക്കിനാണ് നിർമാണ കരാർ. എന്നാല്‍ സ്ഥലം മാത്രമേ സർക്കാർ കൈമാറിയിട്ടുള്ളൂ എന്നും അല്ലാതെ സംസ്ഥാന സർക്കാരിന് ഇതുമായി ബന്ധമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ അവകാശ വാദം. എന്നാൽ 2019 സെപ്റ്റംബർ 5 ന് വടക്കാഞ്ചേരി നഗരസഭ നൽകിയ ബിൽഡിംഗ് പെർമിറ്റ് ഈ വാദങ്ങൾ പൊളിക്കുന്നതാണ്.

സർക്കാർ ഭൂമിയിലെ പദ്ധതിക്ക് ടെൻഡർ വിളിച്ചാണോ യുണിടെക്കിന് റെഡ്ക്രസന്‍റ് കരാർ നൽകിയതെന്നതും ദുരൂഹം. ഇത് സംബന്ധിച്ച ഉഭയകക്ഷി കരാറും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കമ്മീഷനും മറ്റ് പ്രശ്നങ്ങളും ഉയർന്നപ്പോൾ അന്വേഷിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ശനിയാഴ്ച വ്യക്തമാക്കിയത്. എന്നാൽ മൂന്നാം ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ കൃത്യമായ മറുപടി നൽകിയില്ല.

Comments (0)
Add Comment