പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് കേരള ഗവർണർ

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്ത് ഭരണ പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി ബില്ലിനെതിരെ രംഗത്ത് വന്നപ്പോഴാണ് ഗവർണർ ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.

പൗരത്വ ബില്ലിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ ഭേദഗതി ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ളതല്ലന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ പറഞ്ഞു. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബില്ലിനെ കുറിച്ച് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും ജനങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് തീർക്കാൻ കോടതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ബില്ല് സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെയും അദ്ദേഹം പരോക്ഷമായി വിമർശനം ഉന്നയിച്ചു.

കേന്ദ്ര നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും സംസ്ഥാനത്തിന് മാത്രം അതിൽ നിന്നും മാറി നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാറിനെ പിന്തുണച്ച് ഗവർണ്ണർ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ബിൽ നടപ്പാക്കില്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്ന സർക്കാറിനുള്ള മുന്നറിയിപ്പായാണ് ഗവർണ്ണറുടെ നിലപാട് വിലയിരുത്തുന്നത്

Kerala Governorarif mohammad khan
Comments (0)
Add Comment